മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി: മല്‍സ്യബന്ധന മേഖലയിലെ കുടുംബങ്ങളെ പട്ടിണിയിലാക്കും-അജ്മല്‍ ഇസ്മായീല്‍
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പരമ്പരാഗത മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ജനലക്ഷങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ബദല്‍ മാര്‍ഗ്ഗം പോലും കണ്ടെത്താതെ ഓരോ വര്‍ഷവും മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. മേഖലയെ നിശ്ചലമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന നോണ്‍ സബ്‌സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ്. സംസ്ഥാനത്തുള്ള 14,332 മല്‍സ്യബന്ധന പെര്‍മിറ്റ് ഉടമകള്‍ക്ക് പ്രതിമാസം 2300 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ അലോട്ട്‌മെന്റായി 1296 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 2021-22 കാലയളവില്‍ 21,888 കിലോ ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ലഭിച്ചിരുന്നത്. ഇത് 2022-23 കാലയളവില്‍ 7160 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമായി വെട്ടിച്ചുരുക്കിയിരുന്നു.
കൂടാതെ പൊതുവിതരണ സമ്പ്രദായം(പിഡിഎസ്)വഴി ലഭിച്ചിരുന്ന സബ്‌സിഡി ഇനത്തിലുള്ള മണ്ണെണ്ണ വിഹിതത്തിലും 50 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. 3888 കിലോ ലിറ്ററിന് പകരം ഇനി 1944 കിലോ ലിറ്റര്‍ മാത്രമേ ഇത്തവണ ലഭിക്കൂ. മണ്ണെണ്ണ വിഹിതം പകുതിയായി വെട്ടിക്കുറച്ച സാഹചര്യത്തില്‍ മൂന്നു മാസത്തില്‍ ഒരിക്കലുള്ള അര ലിറ്റര്‍ മണ്ണെണ്ണ വിഹിതം ഇനി മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ചുരുങ്ങും. വൈദ്യുതി ഇന്നും ലഭ്യമല്ലാത്ത പല വീടുകളും ഇതോടെ ഇരുട്ടിലാകും. പരമ്പരാഗത മല്‍സ്യബന്ധന മേഖലയെ വറുതിയിലാക്കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യമായ മണ്ണെണ്ണ വിഹിതം സമയബന്ധിതമായി അനുവദിക്കണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.