പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ട: പ്രതിഷേധം ശക്തം; ദേശീയപാതകള്‍ ഉപരോധിക്കുന്നു
കോഴിക്കോട്: ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ വേട്ടക്കെതിരേ പ്രതിഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള ശക്തമായ പ്രക്ഷോഭമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലും മലപ്പുറം പുത്തനത്താണിയിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അന്യായ റെയ്ഡിനെതിരേ വിവിധ ജില്ലകളില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധ സമരം നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.