കേന്ദ്രത്തിന്റെ പുതിയ പൗരത്വ വിജ്ഞാപനം: പോപുലര്‍ ഫ്രണ്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദാണ് ഹരജി സമര്‍പ്പിച്ചത്

Update: 2021-06-09 18:51 GMT

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ മുസ് ലിംകളല്ലാത്തവരില്‍ നിന്ന് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ ഭരണഘടനസാധുത ചോദ്യം ചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദാണ് ഹരജി സമര്‍പ്പിച്ചത്. പൗരത്വ ഭേദഗതി നിയമം(2019) പ്രകാരമുള്ള ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ് ലിംകളല്ലാത്തവരില്‍ നിന്ന് പൗരത്വം നേടുന്നതിനുള്ള അപേക്ഷ മെയ് 28ന് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതസ്ഥരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇത് വിവാദമായ പൗരത്വ ഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള കേന്ദ്രനടപടിയുടെ ഭാഗമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

    1955ലെ പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ മുസ് ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രം നിഷേധിക്കുന്നതാണ് പുതിയ വിജ്ഞാപനം. അതിനാല്‍ പുതിയ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും വിവേചനപരവും അനുഛേദം പതിനാലിന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഹരജിയില്‍ ആവശ്യപ്പെട്ടു. വകുപ്പ് 5, 6ന് വിരുദ്ധമായ വിജ്ഞാപനത്തില്‍ കോടതി ഇടപെടണമെന്നും 1955ലെ പൗരത്വ നിയമത്തിലെ പതിനാറാം വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ കോടതി നടപടിയെടുക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Centre's new citizenship notification: Popular Front files PIL in Supreme Court

Tags:    

Similar News