പുസ്തകം വായിച്ച് 'തീവ്രവാദിയായി'; ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസിന്റെ കുറ്റപത്രം
ബ്രാഹ്മണര്‍ക്കെതിരേയും സവര്‍ണ ജാതി മേധാവിത്വത്തെയും കുറിച്ച് ഷര്‍ജീല്‍ നടത്തിയ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മതഭ്രാന്തനായി പോലിസ് ചിത്രീകരിക്കുന്നത്.
'വിഭജനത്തിന് മുന്‍പ് നടന്ന പലായനം; ബീഹാറില്‍ മുസ്‌ലിംകള്‍ക്ക് നേരേയുള്ള 1946 ലെ ആക്രമണം' എന്ന എംഫില്‍ തിസീസും ശശി തരൂരിന്റെ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന പുസ്തകം വായിച്ചതുമെല്ലാം ഷര്‍ജീലിനെ 'റാഡിക്കല്‍' ആക്കിയെന്ന് 600 പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഷര്‍ജീലിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ സമരത്തില്‍ റോഡ് ഉപരോധിക്കാന്‍ പറഞ്ഞതിന് പുറമേ ജെഎന്‍യു മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന വാട്ട്‌സ്ആപ്പ് ചര്‍ച്ചകളിലും ഷര്‍ജീലീന് പങ്കുണ്ടെന്നാണ് ആരോപണം. രാജ്യത്തെ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത മതഭ്രാന്തനാണ് ഷര്‍ജീല്‍ ഇമാം എന്നാണ് പോലിസിന്റെ മറ്റൊരു ആരോപണം. ബ്രാഹ്മണര്‍ക്കെതിരേയും സവര്‍ണ ജാതി മേധാവിത്വത്തെയും കുറിച്ച് ഷര്‍ജീല്‍ നടത്തിയ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മതഭ്രാന്തനായി പോലിസ് ചിത്രീകരിക്കുന്നത്.
അതേസമയം, പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ച കാര്യങ്ങള്‍ നിഷേധിച്ച ഷര്‍ജീലിന്റെ അഭിഭാഷകന്‍, രാജ്യദ്രോഹ കേസില്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി. യുഎപിഎ കേസുള്‍പ്പെടെ ഏഴു കേസുകളാണ് ഷര്‍ജീല്‍ ഇമാമിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.
പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവും ജെഎന്‍യു വിദ്യാര്‍ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ ജഹനാബാദില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ഷര്‍ജീല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.