പ്രതിപക്ഷ ഐക്യം ലക്ഷ്യം; ഓംപ്രകാശ് ചൗട്ടാലയുടെ മഹാറാലി ഇന്ന്, 10 സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണം
ഛണ്ഡിഗഢ്: 2024ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഓം പ്രകാശ് ചൗട്ടാല നയിക്കുന്ന മഹാറാലി ഇന്ന് ഹരിയാനയില്‍ നടക്കും. 10 സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ധവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. മുന്‍ ഉപപ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവി ലാല്‍ ചൗടാലയുടെ പേരില്‍ ഹരിയാനയിലെ ഫത്തേബാദിലാണ് ഓം പ്രകാശ് ചൗട്ടാലയുടെ റാലി.
പ്രതിപക്ഷ നേതാക്കളെ റാലിയിലേക്ക് ഓം പ്രകാശ് ചൗട്ടാല നേരിട്ടാണ് ക്ഷണിച്ചത്. മമതാ ബാനര്‍ജി, ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കും റാലിയിലേക്ക് ക്ഷണമുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ല. നിതീഷ് കുമാറിനൊപ്പം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഈ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യത്തിനായി രാജ്യത്തുടനീളമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
റാലിക്ക് ശേഷം വൈകുന്നേരം ആറിനാണ് കൂടിക്കാഴ്ച. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് നേതാക്കളും കൂട്ടിക്കാഴ്ച നടത്തുന്നത്. നിതീഷ് കുമാര്‍ യുപിഎയുടെ ഭാഗമായതിന് ശേഷം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് വേഗത കൈവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി, ശരത് പവാര്‍, മമതാ ബാനര്‍ജിയുമായും നേരത്തെ നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കുന്നതാണ് നല്ലതെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. റാലിയുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലെ പോലിസിനെ വിന്യസിക്കും. ഹരിയാന, ബിഹാര്‍, തെലങ്കാന സംസ്ഥാനങ്ങളിലെ പോലിസാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.