എസ്എംഎ: നറുക്കെടുപ്പ് തുണച്ചു; ഒന്നര വയസ്സുകാരന് 16 കോടിയുടെ മരുന്ന് സൗജന്യം

Update: 2021-08-03 07:10 GMT

നാസിക്: അത്യപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്എംഎ) ബാധിച്ച പിഞ്ചുകുഞ്ഞിന് 16 കോടിയുടെ മരുന്ന് സൗജന്യമാക്കി യുഎസ് സ്ഥാപനം. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ശിവരാജ് ദവാരെയ്ക്കാണ് നറുക്കെടുപ്പ് തുണയായത്. ഇതോടെ മധ്യവര്‍ഗ കുടുംബമായ വിശാല്‍ ദവാരെ-കിരണ്‍ ദമ്പതികള്‍ക്ക് ആശ്വാസമായി. അപൂര്‍വ രോഗം ബാധിച്ചതിനാല്‍ കുത്തിവയ്പ്പിനുള്ള ഭീമമായ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. പ്രാഥമിക രോഗനിര്‍ണയത്തിനുശേഷം ശിവരാജ് ദവാരെയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോഴാണ് ന്യൂറോളജിസ്റ്റ് ഡോ. ബ്രജേഷ് ഉദാനി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സോള്‍ജെന്‍സ്മ കുത്തിവയ്‌പെടുക്കണമെന്ന് നിര്‍ദേശിച്ചത്. നാസിക്കില്‍ ഒരു ഫോട്ടോകോപ്പി കട നടത്തുകയാണ് വിശാലിനോട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയുടെ ഭാഗ്യക്കുറിയില്‍ അപേക്ഷിക്കാന്‍ ഡോക്ടര്‍ ഉദാനി നിര്‍ദേശിക്കുകയായിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ കുടുംബത്തിന് കുത്തിവയ്പ്പ് സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 2020 ഡിസംബര്‍ 25ന് ശിവരാജിനെ കുത്തിവയ്പ് നല്‍കാനായുള്ള ലക്കി ഡ്രോയിലേക്ക് കമ്പനി തിരഞ്ഞെടുത്തു. 2021 ജനുവരി 19ന് ശിവരാജിന് ഹിന്ദുജ ആശുപത്രിയില്‍ വച്ച് കുത്തിവയ്പ്പ് നല്‍കുകയും ചെയ്തതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.




Tags:    

Similar News