കൊറോണ: ചൈനയിലെ വുഹാനില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
നഗരത്തില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബെയ്ജിങ്: ലോകത്ത് ആദ്യമായി കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ 76 ദിവസം നീണ്ടു നിന്ന ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു. ജനുവരി 23നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആഗോള പ്രതിസന്ധിയായി തീര്‍ന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും നിയന്ത്രണങ്ങള്‍ തുടുരും.നഗരത്തില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ട് 1.1 കോടി ജനങ്ങളാണ് വുഹാനില്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 76 ദിവസം കര്‍ശ നിയന്ത്രണങ്ങളോടെ കഴിഞ്ഞത്.
ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാന്‍. ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാര്‍ ഇന്ന് വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.
അതില്‍ 40 ശതമാനത്തോളം പേര്‍ ചൈനയിലെ പ്രമുഖ നിര്‍മാണ കേന്ദ്രമായ പേള്‍ റിവര്‍ ഡെല്‍റ്റ മേഖലയിലേക്കായിരിക്കുമെന്ന് പ്രാദേശിക ചാനല്‍ പറയുന്നു. കഴിഞ്ഞ ആഴ്ചകളില്‍ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണമുള്‍പ്പെടെയുള്ളവയില്‍ ഇളവ് വരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥനായ ലുവോ പിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിയെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പിങ് അറിയിച്ചു.
അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. രണ്ട് മാസക്കാലം വുഹാന്‍ നിശ്ചലമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നെങ്കിലും ജനങ്ങള്‍ അതിനോട് സഹകരിച്ചു. വുഹാനിലെ ജനങ്ങളെ മാര്‍ച്ചില്‍ നടത്തിയ വുഹാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇവിടെ നിന്നും ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡ് ഇരുന്നൂറോളം രാജ്യങ്ങളില്‍ 14 ലക്ഷം പേരിലേക്കാണ് ഇതുവരെ പകര്‍ന്നിരിക്കുന്നത്