കൊറോണ: വുഹാനിലെ ഇന്ത്യക്കാരെ എത്തിക്കാന്‍ സൈനികവിമാനം അയയ്ക്കും
വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി-17 ഗ്ലോബ് മാര്‍ഷല്‍ വിമാനം വുഹാനിലേക്ക് വ്യാഴാഴ്ച യാത്രതിരിക്കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതേ വിമാനത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കും.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി സൈനികവിമാനം അയയ്ക്കും. വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി-17 ഗ്ലോബ് മാര്‍ഷല്‍ വിമാനം വുഹാനിലേക്ക് വ്യാഴാഴ്ച യാത്രതിരിക്കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതേ വിമാനത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കും. നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
മരുന്നുകള്‍, മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തില്‍ കൊണ്ടുപോവും. ചില മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള നിരോധനം ഇന്ത്യ റദ്ദാക്കിയതായി നേരത്തെ ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 640 ഇന്ത്യക്കാരെയാണ് ഇതുവരെ വുഹാനില്‍നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തിരിച്ചെത്തിച്ചത്. മരുന്നുകളും മറ്റ് മെഡിക്കല്‍ സാധനങ്ങളും ചൈനയിലേക്ക് അയക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനും പകര്‍ച്ചവ്യാധി നേരിടാന്‍ ചൈനയെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനും ചൈനീസ് അംബാസഡര്‍ സണ്‍ വീഡോങ് ഇന്ത്യയെ അഭിനന്ദിച്ചു. പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും അവരെ മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.