ചൈനീസ് കമ്പനി ഉള്‍പ്പെട്ടെന്ന്; 44 ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണ ടെന്‍ഡര്‍ റെയില്‍വേ റദ്ദാക്കി

Update: 2020-08-22 05:13 GMT
ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ ഉള്‍പ്പെട്ടെന്ന കാരണത്താല്‍ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ റെയില്‍വേ റദ്ദാക്കി. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാതെ നീളുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാത്രി പൊടുന്നനെ ടെന്‍ഡര്‍ റദ്ദാക്കിയതെന്നാണു സൂചന. ലഡാക്ക് അതിര്‍ത്തിയിലെ കൈയേറ്റത്തെ തുടര്‍ന്ന് ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സോഷ്യല്‍ മീഡിയ ആപ്പുകള്‍ വരെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേയുടെ പദ്ധതിയില്‍ നിന്നു ചൈനീസ് സംയുക്ത സംരംഭത്തിനുള്ള ടെന്‍ഡര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കകം പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്കു മുന്‍ഗണന നല്‍കുന്ന ടെന്‍ഡറിന് അനുമതി നല്‍കുമെന്നുമാണ് റിപോര്‍ട്ട്.

    ഇന്ത്യയില്‍ 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കാന്‍ ആകെ ആറ് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക് ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സന്‍ഗ്രുര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിററഡ്, പവര്‍ണെറ്റിക്‌സ് എക്യുപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മറ്റു അഞ്ചുകമ്പനികള്‍. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക് ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015ലാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. ഇവരുമായുണ്ടാക്കിയ ടെന്‍ഡറാണ് ഇപ്പോള്‍ റെയില്‍വേ മന്ത്രാലയം റദ്ദാക്കിയത്. അതിര്‍ത്തി തര്‍ക്കത്തിനു പിന്നാലെ നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും നികുതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

China link: Tender for 44 Vande Bharat trains cancelled

Tags:    

Similar News