ലക്ഷദ്വീപിലെ ജയില്‍ സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി; പ്രതിഷേധത്തെതുടര്‍ന്നെന്ന് സൂചന
ടെന്‍ഡറുകള്‍ ക്ഷണിച്ച് ഈ മാസം 17ന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.
കവരത്തി: ലക്ഷദ്വീപിലെ കവരത്തിയില്‍ ശതകോടികള്‍ ചെലവഴിച്ച് നിര്‍മിക്കാനൊരുങ്ങുന്ന കൂറ്റന്‍ ജയില്‍ സമുച്ചയത്തിന്റെ ടെണ്ടര്‍ നടപടികള്‍ റദ്ദാക്കി. ടെന്‍ഡറുകള്‍ ക്ഷണിച്ച് ഈ മാസം 17ന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ മൂലം ഈ മാസം 17ന് പ്രസിദ്ധീകരിച്ച കവരത്തി ജയില്‍ സമുച്ചയത്തിന്റെ നിര്‍മാണ ടെണ്ടര്‍ റദ്ദാക്കിയതായി രാഷ്ട്രപതിക്ക് വേണ്ടി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം കെ അബ്ദുസ്സലാം ആണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ജയില്‍ നിര്‍മാണത്തിനെതിരേ ശക്തമായ ജനരോഷം ഉയരുന്നതാണ് ടെണ്ടര്‍ നടപടികള്‍ പിന്‍വലിക്കാന്‍ കാരണമെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ 14 കോടിയിലധികം രൂപ കണക്കാക്കുന്ന കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം പദ്ധതിയിടുന്നത്. ജയില്‍ നിര്‍മാണത്തിന് നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചൂണ്ടിക്കാട്ടി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 17ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം കെ അബ്ദുസ്സലാം ആണ് ടെണ്ടറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്.ഉത്തരവ് പ്രകാരം മാര്‍ച്ച് 13 വൈകീട്ട് 3.30 ഓടുകൂടി ടെന്‍ഡര്‍ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനിടെയാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടെണ്ടര്‍ നടപടികള്‍ പിന്‍വലിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. നിലവില്‍ 1912ലെ റെഗുലേഷന്‍ പ്രകാരം വിചാരണ തടവുകാരെ മാത്രമേ ദ്വീപ് ജയിലില്‍ താമസിപ്പിക്കാന്‍ പാടുള്ളൂ. ഭരണകൂടം എത്ര വലിയ ജയില്‍ നിര്‍മ്മിച്ചാലും കോടതി വിധിച്ച ഒരാളെ അവിടെ തടവുകാരായി താമസിപ്പിക്കണമെങ്കില്‍ 1912ലെ റെഗുലേഷനില്‍ പാര്‍ലമെന്റ് മുഖാന്തിരം മാറ്റങ്ങള്‍ വരുത്തേണ്ടിവരും. തിടുക്കപ്പെട്ട് ടെന്‍ഡര്‍ വിളിച്ചുവെങ്കിലും ജയില്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയിട്ട് പോലും ഇല്ല.
ഭരണകൂടം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥന് ഭൂമിയുടെ വില കൊടുക്കാതെ അവരെ ഒഴിപ്പിക്കുക എന്നത് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്ഥിരം നയമാണ്. അതുതന്നെയാണ് ഇവിടെയും പിന്തുടരുന്നതെങ്കില്‍ കോടതിനടപടികളിലേക്ക് ചെന്നെത്താനാണ് സാധ്യത. സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 14,90,56,000 രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.