പക്ഷിപ്പനിയുടെ വകഭേദം എച്ച്10 എന്‍3 മനുഷ്യരിലേയ്ക്കും; ലോകത്തെ ആദ്യ കേസ് ചൈനയില്‍

ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് കമ്മീഷനെ (എന്‍എച്ച്‌സി) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖമാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഷെന്‍ജിയാങ് സ്വദേശിയായ ഇയാളെ ഏപ്രില്‍ 28നാണ് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Update: 2021-06-01 12:09 GMT

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്10എന്‍3 വകഭേദം മനുഷ്യരിലും സ്ഥിരീകരിച്ചു. കിഴക്കന്‍ ചൈനയിലെ ജിയാങ്ങില്‍ 41 വയസുകാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് കമ്മീഷനെ (എന്‍എച്ച്‌സി) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള പ്രമുഖമാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഷെന്‍ജിയാങ് സ്വദേശിയായ ഇയാളെ ഏപ്രില്‍ 28നാണ് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെയ് 28നാണ് എച്ച്10 എന്‍3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ചയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

അധികം വൈകാതെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ചൈനയിലെ ദേശീയ ആരോഗ്യസമിതി അറിയിച്ചു. ഇയാളില്‍ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യസമിതി വ്യക്തമാക്കിയിട്ടില്ല. വളരെ നേരിയ ലക്ഷണങ്ങളും അത്ര ഗുരുതരമല്ലാത്ത വൈറസുമാണിത്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്.

പൗള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്. ഇറച്ചിക്കോഴിയില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കുന്ന വൈറ്‌സ ബാധയാണെന്നും പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ അധികൃതര്‍ പറഞ്ഞു. പക്ഷിപ്പനിയുടെ എച്ച്7 എന്‍9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍, അതിനുശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനു മുമ്പ് ലോകത്ത് ഒരിടത്തും എച്ച്10 എന്‍3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്‍എച്ച്‌സി വ്യക്തമാക്കി. ഇന്‍ഫഌവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച്5 എന്‍8. ഇത് മനുഷ്യരില്‍ അപകടകരമല്ലെങ്കിലും കാട്ടുപക്ഷികള്‍ക്കും കോഴികള്‍ക്കും ഇത് മാരകമായി ബാധിക്കാറുണ്ട്.

Tags:    

Similar News