ഇന്ത്യാ സമുദ്ര മേഖലയിലെ ചൈനീസ് സാന്നിധ്യം നാവിക മേധാവികളുടെ യോഗത്തിന്റെ സുപ്രധാന അജണ്ട

ചെങ്കടലിലെ ഹൂത്തി ഭീഷണിയും ചര്‍ച്ച ചെയ്യും

Update: 2024-03-05 08:51 GMT

ന്യൂഡല്‍ഹി: ഇന്നാരംഭിക്കുന്ന ഉന്നത നാവിക മേധാവികളുടെ ത്രിദിന യോഗത്തില്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ശക്തിപ്പെട്ടുവരുന്ന ചൈനയുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയായിരിക്കും സുപ്രധാന അജണ്ട. ചരക്കുകപ്പലുകള്‍ ലക്ഷ്യമാക്കി ചെങ്കടലില്‍ ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയാവും. നാവികസേനയുടെ ആയുധശേഷിയും കാര്യക്ഷമതയും യോഗം വിലയിരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 'ഇസ്രായേല്‍-ഗസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സമുദ്ര മേഖലയുടെ ഭൗമരാഷ്ട്രീയ ഭൂപടത്തില്‍ ഏതാനും മാസങ്ങളായി സുപ്രധാനമായ ചില മാറ്റങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ കൂട്ടുകെട്ടുകള്‍ കരയില്‍ നിന്ന് സമുദ്ര സ്വാധീന മേഖലയിലേക്കു കൂടി ചില അതിരുവിട്ട ചടുലനീക്കങ്ങള്‍ക്കു കാരണമായിട്ടുണ്ട്'-ഇന്ത്യന്‍ നാവിക സേനയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

    'മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന കപ്പല്‍ക്കൊള്ളകള്‍ വീണ്ടും തുടരുന്നു. ഉയര്‍ന്നുവരുന്ന ഇത്തരം ഭീഷണികള്‍ക്കെതിരേ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും ഇന്ത്യന്‍ നാവിക സേന ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. നമ്മുടെ ശേഷിയും നാം പ്രകടിപ്പിച്ചിട്ടുണ്ട്'. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചു വരുന്നതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചു.

    'തെക്കന്‍ ചൈന കടലില്‍ ചൈനീസ് സൈന്യം ഉറച്ച നിലയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് മേഖലയിലെ ഇന്ത്യയുടെ മേധാവിത്വത്തിന് വെല്ലുവിളി ഉയര്‍ന്നുന്നു. ഇന്ത്യന്‍ സമുദ്രമേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെക്കുറിച്ച് യോഗം വിലയിരുത്തും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണില്‍ ചൈനീസ് സൈനിക സംഘങ്ങളുമായുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നാവിക സേന സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News