തെലങ്കാനയില്‍ അര്‍ധരാത്രി ക്രിസ്ത്യന്‍ പള്ളി കെട്ടിടം ഹിന്ദുത്വര്‍ തകര്‍ത്തു
ഹൈദരാബാദ്: തെലങ്കാനയില്‍ ഹിന്ദുത്വര്‍ അര്‍ധരാത്രി ക്രിസ്ത്യന്‍ പള്ളി കെട്ടിടം തകര്‍ത്തു. ഒരുവര്‍ഷത്തോളമായി സഭാ വിശ്വാസികളെ ഉപദ്രവിക്കുന്നതിനെതിരേ പോലിസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്നു 11 വര്‍ഷമായി ചേരിയിലെ പള്ളിയില്‍ സേവനമനുഷ്ഠിക്കുന്ന പ്രഫ. മുരളി പറഞ്ഞതായി മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ രണ്ടിനു പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. പുറത്ത് ബഹളം കേട്ട് ഭാര്യ ഉണര്‍ന്നുനോക്കിയപ്പോള്‍ കുറച്ചുപേര്‍ പള്ളി കെട്ടിടം പൊളിക്കുന്നതാണ് കണ്ടതെന്നും ഞങ്ങളെ കണ്ടശേഷം അവര്‍ ഓടിപ്പോയെന്നും കുടുംബസമേതം താമസിക്കുന്ന പ്രഫ. മുരളി പറഞ്ഞു. സഭയില്‍ ചേരി നിവാസികളായ 180 ഓളം ക്രിസ്ത്യാനികളാണുള്ളത്.
2019ല്‍ ഞങ്ങളുടെ പള്ളി കെട്ടിടം തകര്‍ക്കുകയും ഞായറാഴ്ചത്തെ ആരാധന തടസ്സപ്പെടുത്തി പുറത്താക്കുകയും പൂട്ടിയിടുകയും ചെയ്തവര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുകയാണ്. ഒരു ദശാബ്ദത്തിലേറെയായി സഭ സമാധാനപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഏതാനും പേര്‍ പ്രശ്നങ്ങളുണ്ടാക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്യുകയാണ്. ഇപ്പോഴത്തെ ആക്രമണം സംബന്ധിച്ച് സഭ വീണ്ടും പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എല്ലാവരില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ചേരി നിവാസികള്‍ക്ക് യേശുക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനുമുള്ള സുരക്ഷിത കേന്ദ്രമായിരുന്ന പള്ളി കെട്ടിടം നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതെന്ന് പ്രഫ. മുരളി പറഞ്ഞു.
Church building destroyed in Telangana