പൗരത്വ പ്രക്ഷോഭം: കോടതികള്‍ക്കുമപ്പുറം ജനകീയ പോരാട്ടം അന്തിമവിജയം നേടും-സുബ്രമണി അറുമുഖം
തിരുവനന്തപുരം: എല്ലാ കോടതികള്‍ക്കുമപ്പുറം ജനങ്ങളാണ് പ്രതീക്ഷയെന്നും പൗരത്വ പ്രശ്‌നത്തില്‍ ജനകീയ പോരാട്ടങ്ങള്‍ തന്നെ അന്തിമ വിജയം നേടുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തില്‍ ജനവികാരം കണക്കിലെടുക്കാത്ത നിസ്സംഗ സമീപനമാണ് സുപ്രിംകോടതിയുടേത്. ജനകീയ പ്രക്ഷോഭം കോടതികളെയും തിരുത്തിക്കും. രാജ്യം സംഘപരിവാര്‍ സമഗ്രാധിപത്യത്തില്‍ നിന്ന് മോചനം നേടുന്നതുവരെ ജനങ്ങള്‍ തെരുവിലുണ്ടാവും. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ടാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എസ് ഡിപിഐ ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്, സുരേന്ദ്രന്‍ കരിപ്പുഴ, ശ്രീജ നെയ്യാറ്റിന്‍കര, എന്‍ എം അന്‍സാരി സംസാരിച്ചു.