സിഐടിയു ഭീഷണി: കണ്ണൂര്‍ മാതമംഗലത്ത് സ്ഥാപനം അടച്ചുപൂട്ടി

കടയില്‍ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തര ഭീഷണിയുണ്ടായതാണ് കാരണമെന്നും ഷോപ്പുടമ വ്യക്തമാക്കി.

Update: 2022-02-13 17:44 GMT

പയ്യന്നൂര്‍: മാതമംഗലത്തെ എസ് ആര്‍ അസോസിയേറ്റ് എന്ന ഹാര്‍ഡ് വെയര്‍ കട അടച്ചുപൂട്ടി. സിഐടിയു ഭീഷണിയെതുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ഷോപ്പുടമ വ്യക്തമാക്കി. കടയില്‍ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തര ഭീഷണിയുണ്ടായതാണ് കാരണമെന്നും ഷോപ്പുടമ വ്യക്തമാക്കി. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ മടക്കി അയക്കുകയും ഷോപ്പിലേക്ക് ചരക്കുകള്‍ ഇറക്കുന്നത് തടയുകയും ചെയ്യുന്നതായും ഇദ്ദേഹം പറയുന്നു. കട മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നുമാണ് കടയുടമ റബീഅ് പറയുന്നത്.

2021 ആഗസ്റ്റ് രണ്ടിനാണ് എസ്.ആര്‍ അസോസിയേറ്റ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്കിന് തങ്ങളെ വിളിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഉടമ ഹൈകോടതിയെ സമീപിക്കുകയും സ്വന്തം നിലയില്‍ തൊഴിലാളികളെ കൂലിക്ക് വെച്ച് കയറ്റിറക്ക് നടത്താന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് തല്‍ക്കാലത്തേക്ക് സമരം അവസാനിപ്പിച്ച സിഐടിയു, ഡിസംബര്‍ 23 മുതല്‍ കടക്ക് മുന്നില്‍ വീണ്ടും സമരം തുടങ്ങി.

കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഇതിനിടെ ഉപഭോക്താക്കളെ തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതായി ആരോപിച്ച് ഷോപ്പുടമ രംഗത്തെത്തി. തുടര്‍ന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍ ഇരുവിഭാഗങ്ങളെയും വിളിച്ച് രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതിനിടയിലാണ് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റിന് മര്‍ദനമേറ്റത്.

നിയപരമായാണ് ഷോപ് തുടങ്ങിയതെന്നും ലൈസന്‍സ് ഉള്‍പ്പെടെ ഹാജരാക്കിയാണ് ഹൈകോടതിയില്‍നിന്ന് വിധി സമ്പാദിച്ചതെന്നും ഷോപ് ഉടമ പറഞ്ഞു. ലൈസന്‍സ് ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ലൈസന്‍സ് രണ്ടു തവണ പുതുക്കി. ഇപ്പോള്‍ പുതുക്കാന്‍ അപേക്ഷ നല്‍കിയതായും ഷോപ് ഉടമ പറഞ്ഞു.

അതേസമയം, സ്ഥാപനം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനൊപ്പം തൊഴിലാളികളുടെ തൊഴില്‍ ഉറപ്പുവരുത്താനുള്ള ബാധ്യതയും സംഘടനക്കുണ്ടെന്ന് സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്‍ പറഞ്ഞു. കോടതിവിധി അംഗീകരിക്കുമ്പോള്‍തന്നെ എല്ലാ കടയുടമകളും സ്വന്തം നിലക്ക് കയറ്റിറക്ക് നടത്തിയാല്‍ ചുമട്ടുതൊഴിലാളികള്‍ പട്ടിണിയിലാവും. ഇതംഗീകരിക്കാനാവില്ലെന്നുമാണ് ദാമോദനന്റെ ഭീഷണി.

Tags:    

Similar News