മസ്ജിദുകള്‍ ഫാഷിസ്റ്റുകള്‍ കൈയേറുമ്പോള്‍ പൗരസമൂഹം നോക്കുകുത്തിയാവരുത്: അല്‍ ഹാദി അസോസിയേഷന്‍
തിരുവനന്തപുരം: മസ്ജിദുകള്‍ ഫാഷിസ്റ്റുകള്‍ കൈയേറുമ്പോള്‍ പൊതുസമൂഹവും സമുദായ നേതൃത്വവും പുലര്‍ത്തുന്ന നിസ്സംഗത രാജ്യത്തെ അപകടപ്പെടുത്തുമെന്ന് അല്‍ ഹാദി അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് യോഗം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. മുസ് ലിംകള്‍ 500 കൊല്ലം ആരാധന നടത്തിയ ബാബരി മസ്ജിദും 800 കൊല്ലം ആരാധന നടത്തിയ മെഹ്‌റൊളി മസ്ജിദും 600 കൊല്ലമായി ആരാധന നടത്തിവന്ന ഗ്യാന്‍ വാപി മസ്ജിദും മഥുര ഈദ്ഗാഹ് മസ്ജിദും തുടങ്ങിയവ ബ്രാഹ്മണിക ഫാഷിസ്റ്റ് ശക്തികള്‍ കൈയേറുമ്പോള്‍ മതേതര ഇന്ത്യ നോക്കുകുത്തിയാവുകയും നീതിപീഠം കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ദാരുണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ യാതൊരു അടിസ്ഥാനവുമില്ലാതെ അനുവാദം നല്‍കിയ ജില്ലാ കോടതി വിധി അന്യായമാണ്. മറ്റൊരു ബാബരി സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം വര്‍ധിപ്പിക്കാനും രാമരാജ്യം തട്ടിക്കൂട്ടി ഹിന്ദുത്വ വംശീയ രാഷ്ട്രീയം പ്രതിപക്ഷമില്ലാതെ വിജയിപ്പിച്ചെടുക്കാനുമുള്ള കുതന്ത്രത്തിലാണ് സംഘപരിവാര്‍. അതിനുപുറമേ പൗരത്വ ഭേദഗതിയും ഏക സിവില്‍ കോഡും ഭരണഘടന മാറ്റിയെഴുതലും ഒക്കെയായി ബ്രാഹ്മണ്യ ഫാഷിസം മതേതരത്വത്തിന്റെ മരണമണി മുഴക്കുമ്പോള്‍ മതേതര പാര്‍ട്ടികള്‍ മിക്കതും തിരഞ്ഞെടുപ്പ് കമ്പോളത്തില്‍ മാതൃരാജ്യത്തിന്റെ ചാരിത്ര്യം വിറ്റ് രാഷ്ട്രീയ വേശ്യകള്‍ക്ക് എങ്ങനെ കൂട്ടിക്കൊടുത്ത് നേട്ടമുണ്ടാക്കാമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
അധിനിവേശ ശക്തികള്‍ക്കെതിരേ എല്ലാവരും ചേര്‍ന്ന് പൊരുതി നേടിയ സ്വാതന്ത്ര്യം വൈദേശിക ആര്യ ഫാഷിസം സ്വദേശി വേഷമിട്ട് രാജ്യത്തെ അധിനിവേശപ്പെടുത്തി വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോവുകയാണ്. അധിനിവേശ വിരുദ്ധവും ഭരണഘടനാപരവുമായ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സത്യസന്ധമായ വാദങ്ങളും നിലപാടുകളും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയും തടവുശിക്ഷ വിധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഫാഷിസമെന്ന അര്‍ബുദം രാജ്യത്തിന്റെ സ്വാദഗ്രന്ഥിയില്‍ വരുത്തിയ അല്‍ഭുതകരമായ മാറ്റമാണ് കാണിക്കുന്നത്.
രാഷ്ട്രശില്‍പ്പികളുടെ മഹത്തായ ഇന്ത്യ എന്ന ആശയത്തിനും അതിനായി അവര്‍ അര്‍പ്പിച്ച ത്യാഗത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ മതേതര ഇന്ത്യയെ മരിക്കാന്‍ വിടുന്നത് ആത്മഹത്യാപരമായിരിക്കും. രാജ്യം നേരിടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആളിക്കത്തുന്ന വംശവെറിയുടെ തീ കെടുത്താനും സ്വതന്ത്ര്യവും പൗരാവകാശവും എന്തു വില കൊടുത്തും സംരക്ഷിക്കാനും എല്ലാവരും മുന്നോട്ടുവരേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മതപണ്ഡിതന്മാരും പൗരസമൂഹങ്ങളും ഫാഷിസത്തിനെതിരേ ജാഗ്രതയോടെ രാജ്യത്തിന് കാവല്‍ നിന്നേ മതിയാവൂവെന്നും അല്‍ഹാദി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.