രാഹുലിനേയും മന്‍മോഹനേയും അപമാനിച്ചു; ഒബാമയുടെ പുസ്തകത്തിനെതിരേ യുപിയില്‍ കേസ്

ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

Update: 2020-11-19 08:37 GMT

ലഖ്‌നൗ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഏറ്റവും പുതിയ പുസ്തകമായ ദി പ്രോമിസ്ഡ് ലാന്റിനെതിരേ ഉത്തര്‍ പ്രദേശിലെ പ്രതിപ്ഗഢിലെ അഭിഭാഷകന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. പുസ്തകം കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയും അനുയായികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ എഫ്‌ഐആര്‍ ഇടണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

യുപിയിലെ പ്രതാപ്ഗഢിലുള്ള അഭിഭാഷകനായ ഗ്യാന്‍ പ്രകാശ് ശുക്ലയാണ് കേസ് നല്‍കിയത്. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ് ഗ്യാന്‍ പ്രകാശ്. ലാല്‍ഗഞ്ജ് സിവില്‍ കോടതിയിലാണ് ഒബാമയ്‌ക്കെതിരേ ഗ്യാന്‍ പ്രകാശ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ യുഎസ് എംബസിക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു.

രാഹുലിനേയും മന്‍മോഹന്‍ സിങിനേയും പുസ്തകത്തില്‍ അപമാനിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് പരാമര്‍ശങ്ങളെന്നും ലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഒബാമയുടെ പരാമര്‍ശങ്ങളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത നേതാവാണ് രാഹുല്‍ എന്നായിരുന്നു പുസ്തകത്തില്‍ ഒബാമയുടെ പരാമര്‍ശം. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അതേസമയം, വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുലെന്നും ഒബാമ പറഞ്ഞിരുന്നു. നിര്‍വികാരമായ ധര്‍മനിഷ്ഠയുള്ള നേതാവെന്നാണു മന്‍മോഹന്‍ സിങ്ങിനെ ഒബാമ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്.

Tags:    

Similar News