ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Update: 2019-08-06 02:25 GMT

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമസമ്മര്‍ദമാണ് കേസിനു പിന്നിലെന്നുമാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. അതേസമയം ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘം ഇന്ന് മുതല്‍ കേസ് അന്വേഷിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്‌റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങുമെന്നും പുതിയ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം നിലവില്‍ ട്രോമ ഐസിയുവില്‍ തുടരുകയാണ്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മാധ്യമപ്രവര്‍ത്തകനായ ബഷീറിനെ ശ്രീറാം സഞ്ചരിച്ച വാഹനം ഇടിച്ചത്. മദ്യലഹരിയില്‍ ശ്രീറാം അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് ബഷീര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ പോലിസടക്കം ശ്രമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പോലിസ് അന്വേഷണത്തില്‍ കെ എം ബഷീറിന്റെ കുടുംബവും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. 

Tags:    

Similar News