കുവൈത്ത് കെഎംസിസി യോഗത്തില്‍ സംഘര്‍ഷം; പി എം എ സലാമിനുനേരെ കൈയേറ്റം

Update: 2024-05-31 18:14 GMT

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനും സംഘത്തിനും നേരെ കൈയേറ്റം. സംഘടനാതലത്തിലെ തര്‍ക്കം കാരണം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയ നേതാക്കളാണ് രോഷത്തിന് ഇരയായത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. പി എം എ സലാം യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്റെ നേതൃത്വത്തില്‍ ഒരുസംഘം പ്രവര്‍ത്തകര്‍ വേദിയിലേക്കെത്തുകയായിരുന്നു. വേദി കൈയേറിയ സംഘം നേതാക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മുസ് ലിം ലീഗ് സംസ്ഥാന നേതാക്കളായ പി എം എ സലാം, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ആബിദ് ഹുസയ്ന്‍ തങ്ങള്‍ തുടങ്ങിയവരെ കൈയേറുകയായിരുന്നു. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ പുറത്തുപോവണമെന്ന് സലാം അഭ്യര്‍ഥിച്ചെങ്കിലും കൂട്ടാക്കിയില്ല. ഏല്‍പ്പനേരം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ച് നേതാക്കാള്‍ ഹോട്ടലിലേക്ക് മടങ്ങി.

    തങ്ങളുടെ പരാതികള്‍ പരിഹരിക്കാതെ ഏകപക്ഷീയമായാണ് ജില്ലാ കമ്മിറ്റി യോഗം നടത്തുന്നതെന്ന് ആരോപിച്ചാണ് ജനറല്‍ സെക്രട്ടറി ശറഫുദ്ദീനും സംഘവും അലങ്കോലമാക്കിയത്. നേതാക്കള്‍ മടങ്ങിയ ശേഷവും യോഗഹാളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. നുറോളം പ്രവര്‍ത്തകരാണ് യോഗത്തിനെത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുവൈത്ത് കെഎംസിസിയുടെ ചുമതലയുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിലെത്തിയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നില്ല. കുവൈത്ത് കെഎംസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി വിഭാഗങ്ങള്‍ തമിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. നേരത്തെ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തിലും വാക്ക് തര്‍ക്കവും കൈയാങ്കളിയും അരങ്ങേറിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിക്കു തന്നെ ദുരനുഭവം ഉണ്ടായതോടെ മുസ് ലിം ലീഗിലും ഇതുസംബന്ധിച്ച ചര്‍ച്ചകളുണ്ടാവുമെന്നാണ് സൂചന.

Tags:    

Similar News