കാലാവസ്ഥാസമരം ലോകം ഏറ്റെടുത്തു, ദശലക്ഷങ്ങള്‍ തെരുവിലിറങ്ങി; തരംഗമായി ഗ്രേറ്റാ തന്‍ബര്‍ഗ്
കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരേ 16കാരിയുടെ നേതൃത്വത്തില്‍ നടന്ന സമരം പരിസ്ഥിതിക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമായി മാറി. ഇത്തരമൊരു സമരത്തിന് ആഹ്വാനം ചെയ്ത ഗ്രേറ്റാ തന്‍ബെര്‍ഗ് പരിസ്ഥിതി സമരങ്ങളുടെ പ്രതീകമായി മാറുകയാണ്.
ന്യൂയോര്‍ക്ക്: കാലാവസ്ഥാവ്യതിയാനം തടയാന്‍ ലോകരാഷ്ട്രങ്ങള്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് 16കാരിയാ സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റാ തന്‍ബര്‍ഗ് ആഹ്വാനം ചെയ്ത സമരം ലോകം ഏറ്റെടുത്തു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ഉള്‍പ്പെടെ ദശലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് തെരുവിലിറങ്ങിയത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ 139ഓളം രാജ്യങ്ങളിലാണു സമരം നടന്നത്. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരേ 16കാരിയുടെ നേതൃത്വത്തില്‍ നടന്ന സമരം പരിസ്ഥിതിക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരമായി മാറി. ഇത്തരമൊരു സമരത്തിന് ആഹ്വാനം ചെയ്ത ഗ്രേറ്റാ തന്‍ബെര്‍ഗ് പരിസ്ഥിതി സമരങ്ങളുടെ പ്രതീകമായി മാറുകയാണ്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വിദ്യാര്‍ഥിനി തരംഗമായി മാറിയിട്ടുണ്ട്.
'ഞങ്ങളുടെ ഭാവി നിങ്ങളുടെ ചുമലിലാണ്' എന്ന പ്ലക്കാര്‍ഡുമേന്തി വിദ്യാര്‍ഥികള്‍ തെരുവില്‍ അണിനിരന്നപ്പോള്‍ മുതിര്‍ന്നവരും പിന്തുണയുമായെത്തി. ന്യൂയോര്‍ക്കില്‍ മാത്രം 11 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോവാതെ സമരത്തില്‍ പങ്കെടുത്തതായാണു റിപോര്‍ട്ട്. മൈക്രോ സോഫ്റ്റും ആമസോണും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സമരത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധിനല്‍കി പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മുംബൈയിലും കോല്‍ക്കത്തയിലും നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുത്തു. കാലാവസ്ഥാ പ്രശ്‌നം ഏറ്റവും രൂക്ഷമായ ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.
സമരത്തെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ അടിയന്തര യോഗം വിളിച്ച് കാലാവസ്ഥാ വ്യതിയാനം തടയാന്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. അടുത്തയാഴ്ച യുഎന്‍ കാലാവസ്ഥാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥിസമരം. ഈമാസം 27 വരെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് ആഹ്വാനം. വിവിധ രാജ്യങ്ങളിലായി ഇതുവരെ നാലായിരത്തിലേറെ പരിപാടികള്‍ നടന്നതായാണു റിപോര്‍ട്ട്. 23ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കും. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കു വേണ്ടി സമരം ചെയ്തതോടെയാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടി അമേരിക്കയിലെത്തിയ ഗ്രേറ്റ, ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഒരു വര്‍ഷത്തേക്ക് സ്‌കൂളില്‍ നിന്നു അവധിയെടുത്തിരിക്കുകയാണ്.