എലിപ്പനി : ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
നിരന്തരം മണ്ണും വെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവര്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍, കക്ക വാരുന്നവര്‍, എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയേറെയാണെന്നും ഇവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ആലപ്പുഴ: എലിപ്പനിക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതര്‍.കെട്ടിനില്‍ക്കുന്ന വെളളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകും. എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെളളത്തിലും കലരുന്നു.നിരന്തരം മണ്ണും വെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവര്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍, കക്ക വാരുന്നവര്‍, എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയേറെയാണെന്നും ഇവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളികകഴിച്ച് എലിപ്പനിയെ പ്രതിരോധിക്കണം. എലിപ്പനി കേസുകള്‍ പരിശോധിച്ചതില്‍ നിന്നും കുളം/തോട് തുടങ്ങിയ വെളളം നില്‍ക്കുന്ന സ്ഥലങ്ങളില്‍ മീന്‍ പിടിച്ചതാണ് രോഗം പിടിപെടാനുണ്ടായ സാഹചര്യം. വേനലറുതിയില്‍ വീട്ടിലും പരിസരങ്ങളിലു മുളള ചെറിയ ജലാശയങ്ങളില്‍ വെളളംതാഴ്ന്നു തുടങ്ങുമ്പോള്‍ മീന്‍ പിടിക്കുന്നത് സര്‍വ്വസാധാരണമാണ്.
എലിപ്പനി പിടിപെടാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ മീന്‍ പിടിക്കാതിരിക്കുക,മലിനജലം കണ്ണിലും, മൂക്കിലുംവായിലും കയറാതെ സൂക്ഷിക്കേണ്ടതാണ്.എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം.24 മണിക്കൂര്‍ മുന്‍പെങ്കിലും നിര്‍ദ്ദിഷ്ട ഡോസ് ഗുളിക കഴിക്കേണ്ടതാണ്.പനി, നടുവ്‌വേദന, കൈകാലുകളില്‍ വേദന, പേശികളില്‍ തൊടുമ്പോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങളില്‍ എന്തെങ്കിലും അനുഭവപ്പെട്ടാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണുക. മീന്‍ പിടിക്കാന്‍/മറ്റാവശ്യങ്ങള്‍ക്ക് വെള്ളക്കെട്ടിലിറങ്ങാനുണ്ടായ സാഹചര്യം ഉറപ്പായും പറയുക. വേദന സംഹാരികള്‍ വാങ്ങിക്കഴിക്കരുത്. സ്വയംചികില്‍സ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.