പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് മികച്ച അന്താരാഷ്ട്ര റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം

ചൈനയിലെ തടങ്കല്‍ പാളയത്തെക്കുറിച്ചുള്ള റിപോര്‍ട്ടാണ് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് പുരസ്‌കാരം നേടിക്കൊടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Update: 2021-06-12 03:37 GMT

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബ്രേക്കിങ് ന്യൂസ് റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം സ്റ്റാര്‍ ട്രിബ്യൂണിന്റെ സ്റ്റാഫ് കരസ്ഥമാക്കി. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം റിപോര്‍ട്ട് ചെയ്തതിനാണ് പുരസ്‌കാരം. മികച്ച അന്താരാഷ്ട്ര റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലന്‍ സ്വന്തമാക്കി. ചൈനയിലെ തടങ്കല്‍ പാളയത്തെക്കുറിച്ചുള്ള റിപോര്‍ട്ടാണ് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് പുരസ്‌കാരം നേടിക്കൊടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റണ്‍ ഗ്ലോബിലെ മാറ്റ് റോച്ചിലിയോ, വെര്‍ണല്‍ കോള്‍മാന്‍, ലോറ ക്രിമാല്‍ഡി, ഇവാന്‍ അല്ലെന്‍, ബ്രണ്ടന്‍ മക്കാര്‍ത്തി എന്നിങ്ങനെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ പങ്കിട്ടു. കൊവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി. പൊതുസേവനത്തിനുള്ള പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസിനാണ്. എക്‌സ്പ്ലനേറ്ററി റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ദി അറ്റ്‌ലാന്റിക്കിലെ എഡ് യോങ്, ആന്‍ഡ്രൂ ചങ്, ലോറന്‍സ് ഹര്‍ലി, ആന്‍ഡ്രിയ ജാനുറ്റ, ജെയ്മി ഡൗ ഡല്‍, റോയിട്ടേഴ്‌സിന്റെ ജാക്കി ബോട്ട്‌സ് എന്നിവര്‍ക്കാണ്.

പ്രദേശിക റിപോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം താംപ ബേ ടൈംസിന്റെ കാത്‌ലീന്‍ മക്‌ഗ്രോറിയും നീല്‍ ബേദിയും സ്വന്തമാക്കി. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ റിപോര്‍ട്ടുകള്‍ക്കാണ് സ്റ്റാര്‍ ട്രിബ്യൂണിന് പുരസ്‌കാരം ലഭിച്ചത്. അനീതിക്കെതിരെയുള്ള മാധ്യമ ഇടപെടലിന്റെ ഉദാത്ത മാതൃകയാണിതെന്ന് അവാര്‍ഡ് ദാന സമിതി വിലയിരുത്തി. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണശേഷമെടുത്ത അമേരിക്കന്‍ നഗരചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബസ് ഫീഡ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയാണ് മേഘ. മാധ്യമമേഖലയില്‍ നിന്നല്ലാതെ മറ്റൊരാള്‍ കൂടി ഈ തവണ പുലിറ്റ്‌സര്‍ അംഗീകാരത്തിന് അര്‍ഹയായി. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതക രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച കൗമാരക്കാരി ഡാര്‍നേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമര്‍ശം. ഡാര്‍നേലയുടെ ഇടപെടല്‍ പുതു തലമുറയ്ക്ക് മാതൃകയാണെന്ന് അവാര്‍ഡ് സമിതി പറഞ്ഞു. അതേസമയം, മികച്ച കാര്‍ട്ടൂണിന് ഇത്തവണ പുരസ്‌കാരമുണ്ടായിരുന്നില്ല. അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിറ്റ്‌സറാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Tags:    

Similar News