ഹിന്ദുത്വ ഭീഷണിക്കിടെ കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി ഹൈദരാബാദിലും പരിപാടിക്കെത്തുന്നു
രാഷ്ട്രീയപരമായി ഒരേ പക്ഷക്കാരല്ലാത്തതിന്റെ പേരില്‍ ടിആര്‍എസ് സര്‍ക്കാര്‍ മുനവ്വര്‍ ഫാറൂഖിയുടെയും കുനാല്‍ കംറയുടെയുമെല്ലാം പരിപാടികള്‍ റദ്ദാക്കില്ലെന്നും ഹൈദരാബാദില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവരെ ക്ഷണിക്കുകയാണെന്നും കെ ടി രാമറാവു അറിയിച്ചിരുന്നു
ഹൈദരാബാദ്: ഹിന്ദുത്വ ഭീഷണികള്‍ക്കിടെ മുംബൈയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ നടത്തിയ പരിപാടിക്കു പിറകെ ഹൈദരാബാദിലും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി എത്തുന്നു. അടുത്ത മാസമാണ് ഹൈദരാബാദിലെ ഫാറൂഖിയുടെ പരിപാടി. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്ന മുനവ്വറിന്റെ ഷോ റദ്ദാക്കിയതിനെ തെലങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി കെടി രാമറാവു വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മുനവ്വര്‍ ഫാറൂഖി തന്നെയാണ് ഹൈദരാബാദിലെ പരിപാടിയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഷോയുടെ ടിക്കറ്റ് വിതരണവും ആരംഭിച്ചിട്ടുണ്ട്.
മൂന്നു ദിവസം മുന്‍പാണ് ഹിന്ദുത്വ ഭീഷണിക്കിടയിലും കോണ്‍ഗ്രസ് പിന്തുണയോടെ മുനവ്വര്‍ ഫാറൂഖി മുംബൈയില്‍ സ്റ്റാന്‍ഡ് അപ് കോമഡി ഷോ അവതരിപ്പിച്ചത്. ബംഗളൂരുവിലടക്കം രാജ്യത്തെ 16ഓളം നഗരങ്ങളില്‍ വിവിധ പരിപാടികള്‍ റദ്ദാക്കപ്പെട്ടതിനുശേഷം ഫാറൂഖിയുടെ ആദ്യ ഷോയായിരുന്നു ഇത്. ആള്‍ ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രാ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത്. ഗുരുഗ്രാം, റായ്പൂര്‍, അഹ്മദാബാദ്, സൂറത്ത്, ഗോവ അടക്കമുള്ള നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ കോമഡി ഷോയ്ക്കുള്ള അനുമതി അധികൃതര്‍ നിഷേധിച്ചതിനു പിറകെയായിരുന്നു ബംഗളൂരുവിലെ പരിപാടിയും റദ്ദാക്കിയത്. ഹിന്ദുത്വ ഭീഷണിയെത്തുടര്‍ന്നായിരുന്നു ഇത്.
ഇതോടെ ഈ രംഗം വിടുകയാണെന്ന് വികാരഭരിതമായൊരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ഫാറൂഖി പ്രഖ്യാപിച്ചു. സംഭവം രാജ്യത്ത് ഏറെ ചര്‍ച്ചയാകുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് തെലങ്കാന മന്ത്രി കെ ടി രാമറാവു രംഗത്തെത്തിയത്. രാഷ്ട്രീയപരമായി ഒരേ പക്ഷക്കാരല്ലാത്തതിന്റെ പേരില്‍ തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) സര്‍ക്കാര്‍ മുനവ്വര്‍ ഫാറൂഖിയുടെയും കുനാല്‍ കംറയുടെയുമെല്ലാം പരിപാടികള്‍ റദ്ദാക്കില്ലെന്നും ഹൈദരാബാദില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവരെ ക്ഷണിക്കുകയാണെന്നും രാമറാവു അറിയിച്ചിരുന്നു.