രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്ന് പരാതി

Update: 2024-04-07 15:15 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായി ഇടതു മുന്നണി പരാതി നല്‍കി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് പരാതി. രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങള്‍ പോലും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.

29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്‌കോട് ബൈക്കാണെന്നും ചേര്‍ത്തിരിക്കുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പരാതി.

കോടികള്‍ വിലമതിക്കുന്ന സ്വത്തുണ്ടായിട്ടും 2021-22 കാലഘട്ടത്തില്‍ രാജീവ് നികുതിയടച്ചത് വെറും 680 രൂപ മാത്രമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളണമെന്നാണ് എല്‍ഡിഎഫ് ആവശ്യം.

അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എല്ലാം നിയമപരമാണെന്നും രാജീവ് വ്യക്തമാക്കി. നേരത്തേ, രാജീവ് ചന്ദ്രശേഖറിനെതിരെ ഇതേ ആരോപണവുമായി സുപ്രിം കോടതി അഭിഭാഷകയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.





Tags:    

Similar News