സംസ്ഥാന കമ്മിറ്റിയിലെ അഭിപ്രായ ഭിന്നതകള്‍ തെരുവിലേക്ക്; ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്
കൊച്ചി: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയിലെ അഭിപ്രായ ഭിന്നതകള്‍ കയ്യാങ്കളിയില്‍ കലാശിച്ചു. സംസ്ഥാന പ്രസിന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കിടെ ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. കൈയ്യാങ്കളിക്കിടെ മന്ത്രി മുഹമ്മദ് ദേവര്‍കോവിലിനെ പോലിസ് സംരക്ഷണയില്‍ പുറത്തെത്തിച്ചു.
ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരതര്‍ക്കം രൂക്ഷമായിരിക്കുകയാണ് ഐ എന്‍ എല്ലില്‍. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം.
എ പി അബ്ദുല്‍ വഹാബിന് മേല്‍ക്കോയ്മയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാതെ പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കാനായിരുന്നു കാസിം ഇരിക്കൂറിന്റെ ശ്രമം. ഇത് വഹാബ് ചോദ്യം ചെയ്തതോടെയാണ് സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതിയും വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തി സി.പി.എം നേതൃത്വം നിലപാട് അറിയിച്ചതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് നടന്നത്.