കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും കോണ്‍ഗ്രസിലെയും ബിജെപിയിലെയും തര്‍ക്കം കാരണം പട്ടിക നീണ്ടുപോവുകയായിരുന്നു. സാധ്യതാപ്പട്ടികയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാവുമ്പോഴേക്കും പലയിടത്തും ശക്തമായ പ്രതികരണങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കില്ലെന്ന് ബോധ്യമായ പി ടി ചാക്കോ കഴിഞ്ഞ ആഴ്ച തന്നെ പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസില്‍ ജയസാധ്യതയ്ക്കാണു പ്രാധാന്യമെന്നും ഗ്രൂപ്പ് പരിഗണിക്കില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം ഫലവത്താവുമെന്ന് കണ്ടറിയേണ്ടി വരും.
അതിനിടെ, ബിജെപി സംസ്ഥാന കമ്മിറ്റി നല്‍കിയ പട്ടിക ദേശീയ നേതൃത്വം തിരുത്തി ഇന്നുതന്നെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ അവഗണിക്കുന്നവരെ രാജിവയ്പിച്ച് സ്ഥാനാര്‍ഥിത്വം നല്‍കാനാണ് ബിജെപി പട്ടിക നീട്ടിവയ്ക്കുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഷൂട്ടിങ് തിരക്കാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മല്‍സരത്തിനുണ്ടാവില്ലെന്ന് അറിയിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ കഴിഞ്ഞ തവണ തോറ്റ മഞ്ചേശ്വരത്ത് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്റെ പേര് വീണ്ടും ഉയര്‍ന്നു. മുരളീധരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിച്ചിച്ചതോടെ അഭ്യൂഹം ശക്തമായിട്ടുണ്ട്. നേമം എന്നല്ല പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തിലും മല്‍സരിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഉമ്മന്‍ചാണ്ടി നേമത്തെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പുതുപ്പള്ളി വിടാന്‍ തയ്യാറായിട്ടില്ല. ഇതോടെ കരുത്തനെ തന്നെ നേമത്ത് മല്‍സരിപ്പിക്കണമെന്ന ആവശ്യമാണ് കെ മുരളീധരനിലേക്ക് എത്തിച്ചതെന്നാണു റിപോര്‍ട്ടുകള്‍. ഏതായാലും ആകാംക്ഷകള്‍ക്കു വിരാമമിട്ട് ഇന്ന് ഏകദേശ ചിത്രം തെളിയുമെ്‌നനു തന്നെയാണ് പ്രതീക്ഷിക്കുന്നത്.