കൃഷിമന്ത്രിയുടെ പരിസ്ഥിതി പ്രേമം കാപട്യമല്ലെങ്കില്‍ ജനകീയ സമരത്തിന്റെ ഭാഗമാകണം: പഴകുളം മധു

പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന കെ റെയില്‍ വേണ്ടെന്ന് വാദിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്തോടല്ല, ജനങ്ങളോടും പരിസ്ഥിതിയോടുമാണ് പ്രതിബദ്ധത എന്ന് പ്രഖ്യാപിച്ചു മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു പുറത്തുവരാന്‍ പ്രസാദ് ധൈര്യം കാണിക്കണം.

Update: 2022-04-01 16:55 GMT

പത്തനംതിട്ട: പരിസ്ഥിതി വാദമുയര്‍ത്തി ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ സമരം ചെയ്ത കൃഷിമന്ത്രി പി പ്രസാദ് കേരളത്തിന്റെ മൊത്തം പരിസ്ഥിതിയും ആറന്മുള ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയുടെ പരിസ്ഥിതിയും അപകടത്തിലാക്കുന്ന കെ റെയിലിന്റെ വക്താവാകുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് പഴകുളം മധു. കൃഷിമന്ത്രിക്ക് പരിസ്ഥിതിയോടും ജനങ്ങളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു ജനകീയ സമരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറന്മുളയില്‍ വിമാനത്താവളം വന്നാല്‍ പമ്പാ നദിക്ക് തടസമുണ്ടാകുമെന്നും നദി തിരിച്ചൊഴുകുമെന്നും വാദിച്ചയാളാണ് കൃഷിമന്ത്രി പ്രസാദ്. ആറന്മുളയിലെ കൃഷിയും പരിസ്ഥിതിയും തകരുമെന്ന് വാദിച്ച പ്രസാദ് കെ റെയിലിനു വേണ്ടി അതേ ആറന്മുളയില്‍ കോട്ട കെട്ടി ജലമൊഴുക്ക് തടയുമ്പോള്‍ വായ പൂട്ടി ഇരിക്കുന്നു. പ്രളയ കാലത്ത് 13 അടി വെള്ളം ഉയര്‍ന്ന ആറന്മുളയിലെ നീര്‍വിളാകത്ത് തന്നെ പാമ്പാ നദിക്കു കുറുകെ കെ റെയിലിന്റെ ആദ്യത്തെ കല്ലിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ തികഞ്ഞ പരിസ്ഥിതി വാദിയെന്ന് അഭിമാനിക്കുന്ന പ്രസാദിന് എങ്ങനെ മിണ്ടാതിരിക്കാനാവുന്നു.

ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറും പ്രളയത്തില്‍ നിറഞ്ഞു 10 മീറ്റര്‍ വെള്ളം ഉയര്‍ന്നു. ഈ നദിക്കു കുറുകെ കല്ലൂപ്പാറയില്‍ കെ റെയില്‍ ഉയരുമ്പോള്‍ എങ്ങനെ പരിസ്ഥിതി പ്രേമിയായ കൃഷി മന്ത്രി കെ റെയില്‍ നടപ്പാക്കാനൊരുങ്ങുന്ന മന്ത്രിസഭയില്‍ ഇരിക്കും?. പരിസ്ഥിതി പ്രേമം കാപട്യമോ അഭിനയമോ അല്ലെങ്കില്‍ മന്ത്രിസഭയിലും പുറത്തും ആറന്മുള വിമാനത്താവള സമര കാലത്തെ ആര്‍ജവം മന്ത്രി കാണിക്കണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന കെ റെയില്‍ വേണ്ടെന്ന് വാദിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ മന്ത്രി സ്ഥാനത്തോടല്ല, ജനങ്ങളോടും പരിസ്ഥിതിയോടുമാണ് പ്രതിബദ്ധത എന്ന് പ്രഖ്യാപിച്ചു മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു പുറത്തുവരാന്‍ പ്രസാദ് ധൈര്യം കാണിക്കണം. ഇതിന് രണ്ടിനും കഴിയുന്നില്ലെങ്കില്‍ താന്‍ നടത്തിയ ആറന്മുള വിമാനത്താവള വിരുദ്ധ സമരം തെറ്റായിരുന്നു എന്ന് പറയാനുള്ള ചങ്കൂറ്റമെങ്കിലും മന്ത്രി കാണിക്കണം.

ചെങ്ങറ ഭൂസമരത്തില്‍ പെട്ട ഇരുപതിലേറെ കുടുംബങ്ങളെ ആറന്മുള വിമാനത്താവള സ്ഥലത്ത് സിപിഎം പാര്‍പ്പിച്ചിരുന്നു. അവരെ ഇതുവരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ കെ റെയിലിന് കിടപ്പാടം നഷ്ടമാകുന്നവരെ രക്ഷിക്കും. ആറന്മുളയിലെ എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News