സിഎഎ ഇല്ലാതെ കോണ്‍ഗ്രസ് പ്രകടന പത്രിക:ഇത് ഫാഷിസ്റ്റ് വിരുദ്ധതയല്ല, വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് എസ്ഡിപിഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഫാഷിസ്റ്റ് വിരുദ്ധതയല്ല കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളതെന്ന് എസ്ഡിപിഐ. പ്രധാന പ്രതിപക്ഷ കക്ഷിയും ഇന്‍ഡ്യാ സഖ്യത്തിന്റെ മുഖ്യ നേതൃത്വ പദവിയിലുള്ളതുമായ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അങ്ങേയറ്റം നിരാശാജനകമാണ്. സംഘപരിവാര്‍ ഭരണകൂടം ചുട്ടെടുത്ത വിവാദപരവും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം(സിഎഎ) പ്രകടനപത്രികയില്‍ ഇടം നേടിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ് ലിം സമൂഹത്തെ അപരവല്‍ക്കരിക്കുന്നതിനായി സംഘപരിവാരം പടച്ചുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമത്തെ സ്പര്‍ശിക്കാത്ത കോണ്‍ഗ്രസ് നിലപാട് ഭീരുത്വമാണ്. മുസ് ലിംകളെ വോട്ടുബാങ്കായി മാത്രം കാണുന്ന കോണ്‍ഗ്രസിന്റെ ദശാബ്ദങ്ങളായുള്ള മനോഗതിക്കും കീഴ് വഴക്കത്തിനും പ്രകടനപത്രിക അടിവരയിടുന്നു. ഫാഷിസ്റ്റുകളുടെ പ്രീതിക്കായി രൂപകല്‍പന ചെയ്ത പൊള്ളയായ വാചോടാപം മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫാഷിസ്റ്റ് വിരുദ്ധത എന്നത് ലജ്ജാകരമാണ്. ഫാഷിസ്റ്റുകളുടെ ഏറ്റവും മൂര്‍ച്ചയേറിയ ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ വെല്ലുവിളിക്കാതെ എങ്ങനെയാണ് ഫാഷിസത്തെ പരാജയപ്പെടുത്താനാവുകയെന്നും എസ്ഡിപിഐ ചോദിച്ചു.