കോണ്‍ഗ്രസിന്റെ വാഗ്ദാനപ്പെരുമഴ; പാവപ്പെട്ടവര്‍ക്ക് വര്‍ഷം 72,000 രൂപ മിനിമം വേതനം
രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. യുപിഎ അധികാരത്തിലെത്തിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടുവരുമെന്ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 'ന്യായ്' എന്നാണ് ഈ പദ്ധതിക്കു പേരിട്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ മിനിമം വേതനം ഉറപ്പാക്കും. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് 6,000 രൂപ മുതല്‍ 12,000 രൂപ വരെയാവും ഒരു കുടുംബത്തിന് ഒരുമാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,000 രൂപയ്ക്കു താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കിവരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരുവര്‍ഷം 72,000 രൂപ ഈ രീതിയില്‍ ലഭിക്കും. പദ്ധതി നടപ്പാക്കുകവഴി ഇന്ത്യയിലെ 20 ശതമാനം ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. രാജ്യത്തെ അഞ്ചുലക്ഷം നിര്‍ധനകുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നുംതാന്‍ പറയുന്നത് വെറും വാക്കല്ലെന്നും രാഹുല്‍ പറഞ്ഞു.
ഗൗരവകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് പദ്ധതി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുമെന്നും പറഞ്ഞു. പദ്ധതിയുടെ പരീക്ഷണം അധികാരത്തിലെത്തിയാലുടന്‍ നടപ്പാക്കും. തുടര്‍ന്ന് ഇത് രാജ്യവ്യാപകമാക്കും. അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണമെത്തിക്കുക. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുപോലെ ഈ പദ്ധതിയും നടപ്പാക്കും. രാജ്യത്തുനിന്നു ദാരിദ്യം തുടച്ചുനീക്കാനുള്ള അവസാനപോരാട്ടത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. ഇവിടെ സര്‍ക്കാര്‍ അധികാരത്തിലെത്തി 10 ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് രണ്ട് ഇന്ത്യയാണ്. അംബാനിയെ പോലെയുള്ള പണക്കാരുടെ ഇന്ത്യയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും മറ്റൊരിന്ത്യയും. കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇതല്ല, എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം തൊഴില്‍ എന്നിവ ഉറപ്പാക്കലാണ്. എല്ലാവരെയും തുല്യമായി കാണുന്ന ഇന്ത്യയാവും ഇനി ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.