കുവൈത്തിലെ ഫാമിലി വിസ: മിനിമം വേതനം 500 ദിനാറായായി ഉയര്‍ത്തി
ഉത്തരവിനോടൊപ്പം കുറഞ്ഞ ശമ്പള പരിധിക്ക് പുറത്തുള്ള നിലവിലെ താമസക്കാര്‍ക്ക് കുടുംബ വിസ പുതുക്കുന്നതിനുള്ള മാനദണ്ഡവും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.ഈ വിഭാഗത്തില്‍ പെട്ടവരുടെ താമസരേഖ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അധികാരം താമസ വിഭാഗം ഡയറക്ടര്‍ ജനറലിനു ആയിരിക്കുമെന്നാണു ഉത്തരവിലുള്ളത്.
കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ദിനാറില്‍ നിന്ന് 500 ദിനാറായി ഉയര്‍ത്തി കുവൈത്ത് ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് ഉത്തരവിട്ടു. നിലവില്‍ കുവൈത്തില്‍ കഴിയുന്നവര്‍ക്കും കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി കര്‍ശ്ശനമായി നടപ്പാക്കും.
ഉത്തരവിനോടൊപ്പം കുറഞ്ഞ ശമ്പള പരിധിക്ക് പുറത്തുള്ള നിലവിലെ താമസക്കാര്‍ക്ക് കുടുംബ വിസ പുതുക്കുന്നതിനുള്ള മാനദണ്ഡവും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.ഈ വിഭാഗത്തില്‍ പെട്ടവരുടെ താമസരേഖ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അധികാരം താമസ വിഭാഗം ഡയറക്ടര്‍ ജനറലിനു ആയിരിക്കുമെന്നാണു ഉത്തരവിലുള്ളത്.
ഇത് പ്രകാരം കുറഞ്ഞ ശമ്പള പരിധിക്ക് പുറത്തുള്ള നിലവിലെ താമസക്കാര്‍ കുടുംബ വിസ പുതുക്കുന്നതിനു ഫര്‍വാനിയ ദജീജിലുള്ള താമസകുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതി തേടണം.
നിലവില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബ വിസ പുതുക്കി നല്‍കുന്നതിനു അതാത് ഗവര്‍ണറേറ്റിലുള്ള പാസ്സ്‌പോര്‍ട്ട് വിഭാഗം മേധാവിയുടെ അനുമതി മാത്രം മതിയായിരുന്നു.ഭൂരിഭാഗം അപേക്ഷകര്‍ക്കും ഇത്തരത്തില്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിനു കര്‍ശന നിയന്ത്രണം വരുമെന്നാണ് റിപോര്‍ട്ടുകള്‍.
ഒരു ഇടവേളക്ക് ശേഷം 2016ലാണ് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറില്‍ നിന്ന് 450 ദിനാറായി ഉയര്‍ത്തിയത്. കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത് കുടുംബത്തെ കൊണ്ടു വന്ന മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും പുതിയ നിബന്ധന ദോഷകരമായി ബാധിക്കുക.