രാജസ്ഥാനില്‍ മഞ്ഞുരുക്കം? പൈലറ്റ് രാഹുലിനെ കാണും, കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

ഈ മാസം 14ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

Update: 2020-08-10 09:44 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ആകാംക്ഷാ ഭരിതമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ അറുതിയാവുന്നു. ഈ മാസം 14ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. സച്ചിനും കൂട്ടരും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. സച്ചിന്‍ ഇന്ന് രാഹുലുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടിക്കാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. വിമതരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് തിരിച്ച് പോയേക്കും എന്നുളള വാര്‍ത്തകള്‍ക്കിടെയാണ് സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയിരിക്കുന്നതെന്നാണ് സൂചന. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം പൈലറ്റിന്റെ ചില ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചേക്കും.

കൊവിഡ് പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞ മാസം രാജസ്ഥാന്‍ സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്‍ പൈലറ്റും 18 കോണ്‍ഗ്രസ് എംഎല്‍എമാരും വിമത നീക്കം നടത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ അധ്വാനിച്ച തനിക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്നതായിരുന്നു പൈലറ്റിന്റെ പരാതി. മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ബിജെപിയേയും പൈലറ്റിനേയും ലക്ഷ്യമിട്ടായിരുന്നു ഗെഹ്ലോട്ടിന്റെ ഒളിയമ്പുകള്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റിന് പോലീസ് നോട്ടീസ് അയച്ചതാണ് പൊടുന്നനെ വിമത നീക്കത്തിലേക്ക് നയിച്ചത്. തനിക്കൊപ്പമുളള എംഎല്‍എമാരുമായി സംസ്ഥാനം വിട്ട പൈലറ്റ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. അതിനിടെ വിമതരെ അയോഗ്യരാക്കാന്‍ സര്‍ക്കാര്‍ കരുനീക്കിയതോടെ വിഷയം കോടതി കയറുകയും ചെയ്തിരുന്നു.

അതേസമയം, വിഷയത്തില്‍ രാഹുല്‍ഗാന്ധി ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സച്ചിന്‍ പൈലറ്റ് നേരത്തെ പ്രിയങ്കഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നും, പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു.

അതേസമയം സര്‍ക്കാരിലും കോണ്‍ഗ്രസിലും കലാപമുണ്ടാക്കിയ വിമതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹലോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകളെ വിമത പക്ഷം എംഎല്‍എമാര്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങളുയര്‍ത്തിയ മുഖ്യപ്രശ്‌നമായ നേതൃമാറ്റത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഇപ്പോഴും നേതൃപദവിയില്‍ തുടരുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ആദ്യവാരമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സച്ചിന്‍ പൈലറ്റും 19 എംഎല്‍എമാരും കലാപമുയര്‍ത്തി പുറത്തുവന്നത്. വിമതര്‍ ഹരിയാനയിലെ ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ഇതോടെ സച്ചിന്‍ പൈലറ്റും സംഘവും ബിജെപിയുടെ പിടിയിലാണെന്ന് ഗഹലോട്ടും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

Tags:    

Similar News