ജയ്പൂര്‍: രാജസ്ഥാനിലെ രാംഗഡില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് വിജയിച്ചു. സംസ്ഥാനത്ത് നിയസഭാ തിരഞ്ഞെടുപ്പില്‍ അലയടിച്ച ബിജെപി വിരുദ്ധ തരംഗത്തിന്റെ ആവര്‍ത്തനമാണ് രാംഗഡിലും കണ്ടത്. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥിയേക്കാള്‍ ബഹുഭൂരിപക്ഷം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സിന്റെ സാഫിയ സുബൈറി വിജയിച്ചത്. സുഖ്‌വന്ത് സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ബിഎസ്പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ്ങിന്റെ മകന്‍ ജഗത് സിങ്ങ് മൂന്നാംസ്ഥാനത്തുമുണ്ട്. ബിഎസ്പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
അതേസമയം, ഹരിയാനയിലെ ജിന്ദില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നാല് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ മിദ്ധ 9000 വോട്ടുകളുമായി ലീഡ് ചെയ്യുന്നുണ്ട്. രണ്ടാമതായി ജെജെപിയുടെ ദിഗ്വിജയ് ചൗദ്ധാലയാണ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല 7614 വോട്ടുകളുമായി മൂന്നാംസ്ഥാനത്താണ്. നിലവില്‍ കയ്താല്‍ എംഎല്‍എയായ സുര്‍ജേവാലയെ കോണ്‍ഗ്രസ് ഇവിടെ മല്‍സരിപ്പിക്കുകയായിരുന്നു.ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഉപതിരഞ്ഞെടുപ്പ് മനോഹര്‍ ലാല്‍ കട്ടാര്‍ സര്‍ക്കാരിന് വളരെ നിര്‍ണായകമാണ്.