ഹരിയാനയിലെ ജയിലില്‍ ഗൂഡാലോചന; രണ്ട് മാസത്തെ ആസൂത്രണം, ബാബ സിദ്ദീഖിയെ കൊന്നത് ഇങ്ങനെ
വെടിവെപ്പ് നടക്കുമെന്ന് വ്യക്തമായതോടെ മറ്റൊരു സംഘം തോക്കുകള്‍ എത്തിച്ചു നല്‍കി.
മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും പ്രമുഖ എന്‍സിപി നേതാവുമായ ബാബാ സിദ്ദീഖിയെ വെടിവെച്ചു കൊല്ലാന്‍ ഗൂഡാലോചന നടന്നത് ഹരിയാനയിലെ ഒരു ജയിലിലെന്ന് പോലിസ്. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ പെട്ട ഒരാളാണ് പുറത്തുള്ളവര്‍ക്ക് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് രണ്ടുമാസം മുമ്പ് കൊലയാളികള്‍ ബാന്ദ്രയില്‍ എത്തുകയായിരുന്നു. ബാന്ദ്രയില്‍ മുറി വാടകയ്‌ക്കെടുത്ത് താമസിച്ച സംഘം ബാബ സിദ്ദീഖിയെ നിരീക്ഷിച്ചു. ഇടയ്ക്കിടെ മകന്റെ എംഎല്‍എ ഓഫിസില്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കൊലപാതകം അവിടെ വച്ച് നടത്താന്‍ തീരുമാനിച്ചത്. വെടിവയ്പ് ഉറപ്പായും നടക്കുമെന്ന് വ്യക്തമായതോടെ മറ്റൊരു സംഘം തോക്കുകള്‍ എത്തിച്ചു നല്‍കി.
ഇന്നലെ രാത്രി മകന്റെ ഒാഫിസില്‍ എത്തിയ ബാബ സിദ്ദീഖിയെ കാത്ത് കൊലയാളി സംഘം പുറത്തുണ്ടായിരുന്നു. ഓഫിസില്‍ നിന്നിറങ്ങി കാറില്‍ കയറുമ്പോഴാണ് വെടിവയ്പുണ്ടായത്. കേസില്‍ അറസ്റ്റിലായ ഗുര്‍മൈല്‍ സിങ്, ധര്‍മരാജ് കാശ്യപ് എന്നിവരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ശിവകുമാര്‍ ഗൗതം, മുഹമ്മദ് സീഷാന്‍ അക്തര്‍ എന്നീ രണ്ടു പ്രതികളെ പിടികൂടാനുണ്ട്. ഇതില്‍ ഗൗതം വെടിവയ്പില്‍ നേരിട്ടു പങ്കെടുത്തിരുന്നു. കൊലയാളി സംഘത്തിന് സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് അക്തറിന് എതിരായ കേസ്.
പ്രതികള്‍ മറ്റാരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിരുന്നോ എന്നറിയാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു. അതേസമയം, ധര്‍മരാജ് കാശ്യപിന് പ്രായപൂര്‍ത്തിയായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇയാളുടെ പ്രായം ആധാര്‍ കാര്‍ഡില്‍ 19 ആണെങ്കിലും തനിക്ക് 17 വയസ്സ് മാത്രമേയുള്ളൂയെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
ഈ വര്‍ഷമാദ്യം തോക്കുകളുമായി അറസ്റ്റ് ചെയ്യപ്പെട്ട ശുഭം ലോകാര്‍ എന്നയാള്‍ക്ക് കേസില്‍ ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ പ്രമുഖനാണെന്നാണ് പോലിസ് സംശയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുണ്ടകള്‍ ബോംബെ അധോലോകത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്നതായും പോലിസ് സംശയിക്കുന്നു.