ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവ് അറസ്റ്റില്‍; വിവാഹത്തിന് താല്‍പര്യമില്ലെന്ന് യുവതി
ലഖ്‌നോ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവിനെ പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അലീഗഡ് ജില്ലയിലെ ബാദല്‍ ബാബു എന്ന യുവാവാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവൂദ്ദീന്‍ ജില്ലയിലെ ജയിലില്‍ ആയത്. ഇയാള്‍ തേടി വന്ന സന റാനി(21)യുടെ മൊഴി പോലിസ് രേഖപ്പെടുത്തി. ബാദല്‍ ബാബുവിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ പോലിസിനെ അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.
''കഴിഞ്ഞ രണ്ടര വര്‍ഷമായി ബാബുവും താനും ഫേസ്ബുക്കില്‍ സുഹൃത്തുക്കളാണെന്ന് സന റാനി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവനെ വിവാഹം കഴിക്കാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ല''-പോലിസ് ഓഫീസറായ നാസിര്‍ ഷാ പറഞ്ഞു. നിയമവിരുദ്ധമായി അതിര്‍ത്തികടന്നെത്തിയ ബാദല്‍ ബാബു സന റാനിയുടെ ഗ്രാമമായ മുവാങില്‍ എത്തിയതായും പോലിസ് അറിയിച്ചു. ഇന്ത്യക്കാരനുമായുള്ള ബന്ധത്തെ തുടര്‍ന്ന് സനയുടെ കുടുംബത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി പോലിസ് അറിയിച്ചു. ജനുവരി പത്തിന് കേസ് വീണ്ടും പരിഗണിക്കും.