കാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി ഉറങ്ങിക്കിടന്നത് അറിഞ്ഞില്ല; തട്ടിക്കൊണ്ടു പോവല്‍ വകുപ്പും ചേര്‍ത്ത് പോലിസ്
കുറ്റിയാടി(കോഴിക്കോട്): പത്തുവയസുകാരിയെ കാറടക്കം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ആശാരിപറമ്പില്‍ വിജീഷാ(41)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ബേക്കറിയില്‍ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിര്‍ത്തി. കുട്ടി കാറില്‍ ഉറങ്ങുന്നതിനാല്‍ കാര്‍ ഓണ്‍ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികള്‍ സാധനം വാങ്ങുന്നതിനിടെ പ്രതി കാറില്‍ കയറി ഓടിച്ചു പോവുകയായിരുന്നു. പെണ്‍കുട്ടി കാറില്‍ ഉറങ്ങിക്കിടക്കുന്ന കാര്യം പ്രതി അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. രണ്ടു കിലോമീറ്റര്‍ ചെന്നപ്പോഴാണ് കാറില്‍ കുട്ടിയുള്ള കാര്യം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ റോഡരുകില്‍ ഇറക്കിവിട്ടു.
കാറും കുട്ടിയും പോയ വിവരമറിഞ്ഞ ദമ്പതികള്‍ കാര്‍ പോയ ദിശയിലേക്ക് യാത്ര തുടങ്ങിയിരുന്നു. നാട്ടുകാരും ഇവരെ സഹായിക്കാന്‍ കൂടെക്കൂടി. വളരെ പതുക്കെ സഞ്ചരിച്ചിരുന്ന കാറിനെ നാട്ടുകാര്‍ തടഞ്ഞു. തടഞ്ഞുവച്ച പ്രതിയെ പോലിസ് എത്തി കസ്റ്റഡിയില്‍ എടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായി പോലിസ് സൂചന നല്‍കി.