സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍, താത്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുക്കും

ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടേയും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ കരാര്‍, താത്കാലിക നിയമനങ്ങളുടേയുമാണ് കണക്കെടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പുമേധാവികള്‍ക്കും ധനകാര്യ പരിശോധനാ വിഭാഗം കത്ത് നല്‍കി.

Update: 2020-09-05 14:04 GMT

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നടത്തിയ കരാര്‍, താത്കാലിക നിയമനങ്ങളുടേയും ആശ്രിത നിയമനങ്ങളുടേയും കണക്കെടുക്കാന്‍ തീരുമാനം. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടേയും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ കരാര്‍, താത്കാലിക നിയമനങ്ങളുടേയുമാണ് കണക്കെടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പുമേധാവികള്‍ക്കും ധനകാര്യ പരിശോധനാ വിഭാഗം കത്ത് നല്‍കി. താത്കാലിക, കരാര്‍ നിയമനങ്ങളെക്കുറിച്ച് വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം.

പിഎസ്‌സി വഴിയുള്ള നിയമനങ്ങളെക്കുറിച്ച് സര്‍ക്കാരിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. താത്കാലിക, കരാര്‍, ദിവസവേതന നിയമനങ്ങളാണ് നടത്തുന്നതെന്നും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് താത്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2016 ജൂണ്‍ ഒന്ന് മുതല്‍ 2020 ഓഗസ്റ്റ് 11 വരെ വിവിധ വകുപ്പുകളില്‍ നടത്തിയ ആശ്രിത നിയമനങ്ങള്‍ അറിയിക്കാനാണ് ഓരോ വകുപ്പിനും നല്‍കിയ നിര്‍ദേശം. 2016 ജൂണ്‍ ഒന്നിന് മുമ്പ് അപേക്ഷ നല്‍കിയവര്‍, ഇതിനുശേഷം അപേക്ഷ നല്‍കിയവര്‍, 2016 ജൂണ്‍ ഒന്നിന് മുന്‍പ് നിയമനം ലഭിച്ചവര്‍, ഇതിനു ശേഷം നിയമനം ലഭിച്ചവര്‍ എന്നിങ്ങനെ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതോടൊപ്പം 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ ഓരോ വകുപ്പിലും നടത്തിയ താത്കാലിക നിയമനങ്ങളുടെ കണക്കും നല്‍കണം. കരാര്‍, ദിവസ വേതനം ഉള്‍പ്പെടെയുള്ളവരുടെ എണ്ണമാണ് നല്‍കേണ്ടത്. യുഡിഎഫ് സര്‍ക്കാരായിരുന്നു 2011 മുതല്‍ 2016 മേയ് വരെ അധികാരത്തില്‍ ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും നടത്തിയ നിയമനങ്ങള്‍ എത്രയെന്ന് വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Tags:    

Similar News