നിനിതയുടെ വിവാദ നിയമനം; വിഷയ വിദഗ്ദ്ധരില്‍ ഒരാള്‍ പരാതി പിന്‍വലിച്ചു

ഇക്കാര്യം സൂചിപ്പിച്ച് പവിത്രന്‍ ഇ മെയില്‍ അയച്ചതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട് വ്യക്തമാക്കി.

Update: 2021-02-09 12:24 GMT


നിനിത കണിച്ചേരി

കൊച്ചി: കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി വിഷയ വിദഗ്ധരില്‍ ഒരാളായ ഡോ. ടി പവിത്രന്‍. ഇക്കാര്യം സൂചിപ്പിച്ച് പവിത്രന്‍ ഇ മെയില്‍ അയച്ചതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട് വ്യക്തമാക്കി. റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരാണെന്ന് പവിത്രന്‍ കരുതി. പ്രശ്‌നം രാഷ്ട്രീയവത്കരിച്ചതിലെ വിയോജിപ്പ് പവിത്രന്‍ തുറന്നു പറഞ്ഞതായും വിസി പറയുന്നു. ഇക്കാര്യത്തിലുണ്ടായ തെറ്റ് ബോധ്യപ്പെട്ടതായി കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിസി പറയുന്നു.

അതേസമയം, ഇടനിലക്കാരന്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയാണ് പരാതി പിന്‍വലിപ്പിച്ചതെന്ന ആരോപണം ശക്തമാണ്. എം ബി രാജേഷ് ആരോപിച്ച ഇടനിലക്കാരന്‍ എകെജിസിടിഎ മലപ്പുറം ജില്ലാ ഭാരവാഹിയാണെന്നാണ് വിവരം. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡോ ടി പവിത്രന്‍ തയ്യാറായിട്ടില്ല. സിപിഎമ്മുമായി അടുപ്പത്തിലുള്ള അധ്യാപകനാണ് ഇദ്ദേഹം. വിരമിച്ച ശേഷമാണ് ഇദ്ദേഹത്തിന് മലയാളം സര്‍വകലാശാലയില്‍ നിയമനം ലഭിച്ചത്. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് ഇദ്ദേഹം വഴങ്ങിയെന്നാണ് വിവരം.

വിഷയ വിദഗ്ധരായ ഡോ. ഉമര്‍ തറമേല്‍, കെ എം ഭരതന്‍, ടി പവിത്രന്‍ തുടങ്ങിയവരാണ് നിനിതയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. തങ്ങള്‍ പറഞ്ഞ ആള്‍ക്കല്ല സര്‍വകലാശാല നിയമനം നല്‍കിയതെന്ന് കാണിച്ച് ഇവര്‍ രജിസ്ട്രാര്‍ക്ക് കത്തയക്കുകയായിരുന്നു.മൂന്നില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് നിനിത കണിച്ചേരിക്ക് കൂടുതല്‍ അനുകൂലമാകും.

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് വൈസ് ചാന്‍സലര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയ വിദഗ്ധര്‍ ഒപ്പിട്ട് നല്‍കിയ റാങ്ക് ലിസ്റ്റ് സര്‍വകലാശാലയുടെ പക്കല്‍ ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് വിഷയം ഉന്നയിക്കുന്നതെന്നാണ് വൈസ് ചാന്‍സലര്‍ ചോദിച്ചത്. നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് മറുപടി നല്‍കും. നിനിതയുടെ നിയമനം റദ്ദാക്കില്ലെന്നും വിസി പറഞ്ഞു.

Tags:    

Similar News