നമ്പി നാരായണനെതിരായ വിവാദ പരാമര്‍ശം: സെന്‍കുമാര്‍ കുടുങ്ങും; കേസെടുക്കാന്‍ പോലിസ് നിയമോപദേശം തേടി

സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോയെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നിയമോപദേശം തേടി. പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ പ്രസ്താവന നടത്തിയത്.

Update: 2019-01-30 11:10 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ പരിഹസിച്ച മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാറിനെതിരേ കേസെടുക്കുന്നതിനെക്കുറിച്ച് പോലിസ് പരിശോധിക്കുന്നു. സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോയെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നിയമോപദേശം തേടി. പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ പ്രസ്താവന നടത്തിയത്.

നമ്പി നാരായണന് പത്മ നല്‍കുന്നത് അമൃതില്‍ വിഷം കലര്‍ത്തിയതുപോലെയാണെന്നായിരുന്നു സെന്‍കുമാറിന്റെ പരിഹാസം. ഇതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലിസ് നിയമോപദേശം തേടിയിരിക്കുന്നത്. ഡിജിപി പരാതി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

പത്മ പുരസ്‌കാരം കിട്ടേണ്ട തരത്തിലുള്ള എന്തെങ്കിലും സംഭാവന നമ്പി നാരായണന്‍ നല്‍കിയിട്ടുണ്ടോ എന്നായിരുന്നു ശബരിമല കര്‍മസമിതി ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യം. മനുഷ്യന് ഗുണമുണ്ടാവുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലര്‍ക്കും അവാര്‍ഡ് കൊടുക്കുന്നില്ല. ഇനി ജിഷാ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനും ചാരക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന മറിയം റഷീദയ്ക്കും സൗമ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിക്കും പത്മ നല്‍കുന്നത് കാണേണ്ടിവരുമെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സെന്‍കുമാര്‍ യഥാര്‍ഥത്തില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ആരുടെ ഏജന്റാണെന്നറിയില്ലെന്നുമായിരുന്നു നമ്പി നാരായണന്റെ മറുപടി.

Tags:    

Similar News