ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം;സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

Update: 2022-07-05 10:19 GMT

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.ഭരണഘടന ശില്‍പികളെ അവഹേളിച്ച സജി ചെറിയാന്‍ ഒരു നിമിഷം പേലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും,രാജിവച്ച് പുറത്ത് പോകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.സജി ചെറിയാന്‍ രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം.അല്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ വഴി തേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മന്ത്രിക്കെതിര ആര്‍വൈഎഫ് ഡിജിപിക്ക് പരാതി നല്‍കി.

ഭരണഘടനയെ തള്ളിപ്പറയുക വഴി ഇന്ത്യാ രാജ്യത്തിന്റെ മൊത്തം അസ്തിത്വത്തെ ചോദ്യം ചെയ്യുകയാണ് മന്ത്രി സജി ചെറിയാന്‍ ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.പാര്‍ലമെന്ററി ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് ഭരണഘടനാനുസൃതമായാണ്. ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ മല്‍സരിക്കുന്നതെന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വയം രാജിവച്ച് പോകുകയാണ് വേണ്ടത്. ഈ നാടിന്റെ യശസ്വിന് താല്‍പ്പര്യമുണ്ടെങ്കില്‍ സിപിഎം മന്ത്രിയെ പുറത്താക്കണം.ഈ രാജ്യത്തിന്റെ സക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാരവെക്കാന്‍, അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് സ്വയം തെളിയിച്ച സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഒന്നുകില്‍ ഈ നാടിനോടൊപ്പം പോകണം. അല്ലെങ്കില്‍ അവര്‍ എന്തിന് ഇന്ത്യയില്‍ നില്‍ക്കുന്നു. അവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്?നിയമമുള്ളതു കൊണ്ടല്ലേ രാജ്യം 75 വര്‍ഷമായി നിലനില്‍ക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാനെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി.ഗുരുതരമായ ഭരണഘടന ലംഘനമാണെന്നും,മന്ത്രി രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഭരണഘടന തൊട്ട് സത്യം ചെയ്ത, ഭരണഘടനക്ക് അനുസരിച്ച് ഭരണനിര്‍വ്വഹണം നടത്തേണ്ട മന്ത്രിയാണ് ഭരണഘടന കുന്തവും കുടചക്രവുമെന്ന് പറഞ്ഞത്.അസാധാരണ സംഭവമാണ്.മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം നിയമപരമായി പോകണമോയെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.മന്ത്രി തള്ളി പറഞ്ഞത് ഭരണഘടനയെ ആണ്,മന്ത്രിയുടെ രാജിയല്ലാതെ മറ്റു വഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാജ്യത്തിന്റെ ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സിപിഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ പറഞ്ഞു. ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന 'പഞ്ചാബ് മോഡല്‍ പ്രസംഗം പോലെയാണ് സജി ചെറിയാന്റെ 'മല്ലപ്പള്ളി മോഡല്‍' പ്രസംഗം എന്ന് ശബരിനാഥന്‍ വിമര്‍ശിച്ചു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും,ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും.ഞാന്‍ പറയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു.രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് ഗുണങ്ങളൊക്കെ മുക്കിലും മൂലയിലുമൊക്കെയുണ്ട്.മതേതരത്വം,ജനാധിപത്യം,കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതി വച്ചിട്ടുണ്ട്,സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

Tags:    

Similar News