കെഎസ്ഇബിയില്‍ വിവാദ യോഗ ഗുരുവിന്റെ പ്രഭാഷണം; സിപിഎം- ആര്‍എസ്എസ് ഡീലിന്റെ ഭാഗമെന്ന് വിമര്‍ശനം
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിയില്‍ യോഗ ഗുരുവും സംഘപരിവാര്‍ സഹയാത്രികനുമായ ശ്രീ എം- ന് പ്രഭാഷണം നടത്താന്‍ അവസരം നല്‍കിയത് വിവാദമാവുന്നു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പട്ടത്തെ കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലാണ് 'സമ്മര്‍ദ്ദരഹിതമായ ജീവിതവും തികഞ്ഞ ജോലിയും യോഗ ശാസ്ത്രത്തിലൂടെ' എന്ന വിഷയത്തില്‍ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. വിവാദ യോഗ ഗുരുവിന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രഭാഷണം നടത്താന്‍ അനുവദിച്ചത് സിപിഎം- ആര്‍എസ്എസ് ബാന്ധവത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.
സിപിഎം- ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനായി എല്ലാ കാലത്തും നിലകൊണ്ടയാളാണ് ശ്രീ എം. മുമ്പ് ആര്‍എസ്എസ്- സിപിഎം ചര്‍ച്ചയ്ക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീ എമ്മിന്റെ സത്‌സങ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ ഭൂമി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തു. തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലം 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കിയത്. യോഗ കായിക വ്യായാമമാണെന്ന സന്ദേശമുയര്‍ത്തി സിപിഎം ആരംഭിച്ച 'യോഗാ കാംപയിന്‍' സംസ്ഥാന തലത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയത് 'ശ്രീ എം' ആയിരുന്നു.
കണ്ണൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം- ആര്‍എസ്എസ് രഹസ്യചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായി 'ശ്രീം എം' തന്നെ പരസ്യമായി വെളിപ്പെടുത്തിയതോടെയാണ് സിപിഎം നേതൃത്വം വെട്ടിലായത്. അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരത്തും കണ്ണൂരുമായി തന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നതായി വ്യക്തമാക്കിയത്. ഇതോടെ ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആര്‍എസ്എസ്സും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ പൊളിഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ് സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ശ്രീ എം പറഞ്ഞത്.
അടുത്ത ദിവസം ഡല്‍ഹിയിലെത്തിയപ്പോള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ട് കാര്യം പറഞ്ഞത്. അങ്ങനെയാണ് കേരളത്തില്‍ ഇരുവിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്. സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണനുമായും ആര്‍എസ്എസ്സില്‍ നിന്ന് പ്രാന്ത പ്രചാരക് ഗോപാലന്‍കുട്ടിയുമായും സംസാരിച്ചശേഷമാണ് ചര്‍ച്ച നിശ്ചയിച്ചത്. സിപിഎമ്മില്‍ നിന്ന് പിണറായി വിജയനും ആര്‍എസ്എസില്‍ നിന്ന് ഗോപാലന്‍കുട്ടിയും മറ്റ് ചില മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
കണ്ണൂരിലെ യോഗത്തില്‍ പിണറായിക്ക് പുറമേ പി ജയരാജനും കോടിയേരി ബാലകൃഷ്ണനുമാണ് പങ്കെടുത്തത്. സിപിഎമ്മിനും ആര്‍എസ്എസ്സിനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചതിന്റെ പ്രത്യുപകാരമായാണ് ശ്രീ എം- ന് നാലേക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചതെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു. ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങും മുമ്പെയാണ് ശ്രീ എം കെഎസ്ഇബി ആസ്ഥാനത്ത് പ്രഭാഷണം നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.