ഉദയ്പൂര്‍ കൊലയാളിക്ക് ബിജെപി വേദിയില്‍ ആദരം; ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്

ഉദയ്പൂരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബിജെപി വേദിയില്‍ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

Update: 2022-07-03 17:20 GMT

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഉദയ്പൂരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബിജെപി വേദിയില്‍ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ട്വിറ്ററിലൂടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചിത്രം പുറത്തുവിട്ട് ബിജെപിയെ വീണ്ടു പ്രതിരോധത്തിലാക്കിയത്.ബിജെപിയുടെ ദേശസ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യം ഈ ചിത്രത്തില്‍ വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബിജെപി സഖ്യം എല്ലാവര്‍ക്കും മുന്‍പില്‍ പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉദയ്പൂര്‍ കൊലപാതക കേസിലെ ബിജെപിയുടെ ബന്ധമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഉദയ്പൂര്‍ കേസില്‍ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൊലയാളികളില്‍ ഒരാളായ റിയാസ് അത്താരി പാര്‍ട്ടിയുടെ വിശ്വസ്തര്‍ മുഖേന നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് തെളിവ് സഹിതം ഇന്ത്യാ ടുഡേ പുറത്തുവിട്ടത്. 2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Tags:    

Similar News