വിമത എംഎല്‍എമാര്‍ തങ്ങുന്ന റിസോര്‍ട്ടില്‍ വീണ്ടും രാജസ്ഥാന്‍ പോലിസ്, 20 മിനിറ്റിന് ശേഷം മടങ്ങി; ശര്‍മ്മയെ ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു
ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന്റെ തെളിവായ ഓഡിയോ ടേപ്പുകളുമായി ബന്ധപ്പെട്ട് വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ്മയെ ചോദ്യം ചെയ്യാനാണ് രാജസ്ഥാന്‍ പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) സംഘം ഞായറാഴ്ച വൈകീട്ട് ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടിലെത്തിയത്.
ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ നിയമസഭയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ അഭയംതേടിയ മനേസറിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലില്‍ വീണ്ടും രാജസ്ഥാന്‍ പോലിസ് എത്തി. ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചതിന്റെ തെളിവായ ഓഡിയോ ടേപ്പുകളുമായി ബന്ധപ്പെട്ട് വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ്മയെ ചോദ്യം ചെയ്യാനാണ് രാജസ്ഥാന്‍ പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) സംഘം ഞായറാഴ്ച വൈകീട്ട് ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടിലെത്തിയത്. എന്നാല്‍, റിസോര്‍ട്ട് അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെതുടര്‍ന്ന് ഭന്‍വര്‍ലാല്‍ ശര്‍മ്മയെ ചോദ്യം ചെയ്യാനാവാതെ പോലിസുകാര്‍ക്ക് 20 മിനിറ്റിനകം തിരിച്ചുപോരേണ്ടി വന്നു.
വിമത എംഎല്‍എമാരില്‍ മറ്റുചിലര്‍ താമസിക്കുന്ന മനേസറിലെ തന്നെ ബെസ്റ്റ് വെസ്‌റ്റേണ്‍ റിസോര്‍ട്ടും എസ്ഒജി സംഘം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രി അര ഡസനിലധികം ഉദ്യോഗസ്ഥരും എസ്ഒജി ഉദ്യോഗസ്ഥരും റിസോര്‍ട്ടിലെത്തി റിസോര്‍ട്ട് ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
രാജസ്ഥാന്‍ പോലിസിന്റെ എസ്ഒജി സംഘം വെള്ളിയാഴ്ചയും മനേസറിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് റിസോര്‍ട്ടിന് പുറത്ത് ഒന്നര മണിക്കൂര്‍ കാത്തിരിച്ച ശേഷമാണ് എസ്ഒജി ടീമിന് അകത്തേക്ക് പ്രവേശനം ലഭിച്ചത്. രാജസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹരിയാന പോലിസ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇവരെ അനുവദിച്ചത്.
ഭന്‍വാന്‍ലാല്‍ ശര്‍മ്മയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നാണ് ആരോപണം.
അതേസമയം, സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരേ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം പുനഃരാരംഭിക്കും. അതിനിടെ 102 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയാഴ്ച നിയമസഭ വിളിച്ച് വിശ്വാസവോട്ട് തേടിയേക്കും. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.