കൊവിഡ്: ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്; രോഗബാധിതര്‍ 42 ലക്ഷം
മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 90,802 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 42,04,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 71,642 ആയി. നിലവില്‍ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സിയിലുള്ളത്. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത് എത്തി. 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നാണ് ഇന്ത്യ രണ്ടാമതെത്തിയത്. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിധിനം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. ഇന്നലെ 328 പേര്‍ മരിച്ചതോടെ ആകെ മരണം 26,604 ആയി ഉയര്‍ന്നു. രോഗംബാധിച്ചവരില്‍ 6.44 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 2.35 ലക്ഷം പേര്‍ മാത്രമാണ് ചികില്‍സയില്‍ കഴിയുന്നത്.
ആന്ധ്രയില്‍ ഇന്നലെ 10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.98 ലക്ഷമായി. ഇതുവരെ 4,417 പേര്‍ മരിച്ചു. 3.94 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 99,689 പേര്‍ മാത്രമാണ് ചികിത്സയിലുളളത്. ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ആശങ്കയേറ്റി ഒറ്റ ദിവസത്തിനിടെ, വീണ്ടും മൂവായിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3256 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു.