ന്യൂഡല്‍ഹി: 73ാം റിപബ്ലിക് ദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ്പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാവും. ഇത്തവണ വിശിഷ്ടാതിഥി ഉണ്ടാവില്ല. തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.
നഗരത്തിലെ ഓരോ മൂലയും പരിശോധിക്കുകയാണെന്നും പരേഡ് നീങ്ങുന്ന റൂട്ടിലെ സിസിടിവികള്‍ സസൂഷമം നിരീക്ഷിക്കുന്നുണ്ടെന്നും സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ നിയോഗിച്ചിരിക്കുന്നത് 27,000 പോലിസുകാരെയാണ്. 71 ഡിസിപിമാരെയും 213 എസിപി റാങ്കിലുള്ളവരെയും ഡല്‍ഹിയില്‍ സുരക്ഷാ ചുമതലയില്‍ വിന്യസിച്ചിട്ടുണ്ട്. സായുധ പോലിസ്, കമാന്‍ഡോകള്‍, സിഎപിഎഫിന്റെ 65 കമ്പനികള്‍ എന്നിവരെയും രാജ്യതലസ്ഥാനത്ത് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.
രാജ്യത്തെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് രണ്ടുമാസത്തിനിടെ ഭീകരവിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എന്‍സിസി അംഗങ്ങള്‍ നയിക്കുന്ന 'ശഹീദോം കോ ശത് ശത് നമന്‍' എന്ന പരിപാടിക്ക് ആരംഭമാവും. വരും വര്‍ഷങ്ങളിലും അതുണ്ടാവും. ഇതിന് പുറമെ 75 ആകാശയാനങ്ങള്‍ പങ്കെടുക്കുന്ന 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഷോ ഡൗണ്‍', രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മല്‍സരങ്ങള്‍ നടത്തി തിരഞ്ഞെടുത്ത 480 ല്‍ പരം നര്‍ത്തകീ നര്‍ത്തകന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി, 75 നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമന്‍ സ്‌ക്രോളുകള്‍ അണിനിരക്കുന്ന 'കലാ കുംഭ്', 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷന്‍ മാപ്പിങ്, സ്‌കൂള്‍ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന 'വീര്‍ഗാഥ' പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പന്‍ എല്‍ഇഡി സ്‌ക്രീനുകള്‍, ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകള്‍ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാവും.
സന്ദര്‍ശകരെ പരമാവധി ചുരുക്കി, കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ ആഘോഷങ്ങള്‍ നടക്കുക. കൊവിഡ് പ്രമാണിച്ച് ഇത്തവണ വിദേശി സാന്നിധ്യങ്ങളുണ്ടാവില്ല. അതേസമയം, റിപബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പോലിസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരിപാടിയില്‍ പങ്കെടുക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാവരും നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചിരിക്കണം. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.