അടാലാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന ആവശ്യം തള്ളി സിവില്‍ കോടതി; സുപ്രിംകോടതി വിധി പാലിക്കുമെന്ന് ജഡ്ജി

അടാല മാത എന്ന ദൈവത്തിന്റെ ക്ഷേത്രമായിരുന്നു ഇതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്.

Update: 2024-12-17 01:27 GMT

ജോന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ അടാലാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന ഹിന്ദുത്വരുടെ ആവശ്യം സിവില്‍ കോടതി നിരസിച്ചു. അടാല മസ്ജിദ്, അടാലാ ദേവതയുടെ ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനയായ സ്വരാജ് വാഹിനി അസോസിയേഷന്‍ നല്‍കിയ അന്യായമാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. ഇത്തരം കേസുകള്‍ പരിഗണിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിവില്‍ ജഡ്ജ്(ജൂനിയര്‍ ഡിവിഷന്‍) സുധ ശര്‍മ പറഞ്ഞു.

പള്ളിയില്‍ പോലിസ് സംരക്ഷണയില്‍ സര്‍വേ നടത്തി കെട്ടിടത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താന്‍ ഉത്തരവിടണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. '' സിവില്‍കോടതികളുടെ പരിഗണനയിലുള്ള ഇത്തരം കേസുകളില്‍ ഇടക്കാല ഉത്തരവുകളോ അന്തിമ ഉത്തരവുകളോ, സര്‍വേകള്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവുകള്‍ ഉള്‍പ്പെടെയുള്ള അന്തിമ ഉത്തരവുകളോ പുറപ്പെടുവിക്കരുതെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കണം''-സിവില്‍ ജഡ്ജ്(ജൂനിയര്‍ ഡിവിഷന്‍) സുധ ശര്‍മ പറഞ്ഞു. കേസ് മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ നഗരത്തില്‍ നിന്ന് 2.2 കിലോമീറ്റര്‍ അകലെയാണ് അടാല മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ക്രി.ശേ.1408ല്‍ ജോന്‍പൂര്‍ സുല്‍ത്താനായിരുന്ന ഇബ്രാഹീം ഷാ ശര്‍ഖ്വിയാണ് പള്ളി നിര്‍മിച്ചത്. പളളിയോട് ചേര്‍ന്ന് ദീന്‍ ദുനിയ മദ്‌റസയും പ്രവര്‍ത്തിക്കുന്നു. അടാല മാത എന്ന ദൈവത്തിന്റെ ക്ഷേത്രമായിരുന്നു ഇതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. യുപി സുന്നി വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ആഗ്ര കോടതിയില്‍ കേസുമുണ്ട്. തുഗ്ലക് രാജവംശത്തിലെ ഫിറോസ് ഷായുടെ നിര്‍ദേശപ്രകാരം ക്ഷേത്രം പള്ളിയാക്കിയെന്നാണ് ഹിന്ദുത്വരുടെ വാദം.

Similar News