പൂട്ടിയ വീട് കുത്തി തുറന്നത് കോടതിയലക്ഷ്യം; എംഎല്‍എയ്‌ക്കെതിരേ ബാങ്ക്‌

കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് നടന്ന ജപ്തി നടപടി നിയമവിരുദ്ധമാണെന്ന് വീട്ടുടമ അജേഷ് പ്രതികരിച്ചു. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ അധികൃതരെ അറിയിച്ചിരുന്നു.

Update: 2022-04-05 05:53 GMT

കൊച്ചി: മുവാറ്റുപുഴയില്‍ ജപ്തി ചെയ്ത് പൂട്ടിയ വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യ നടപടിയാണെന്ന് അര്‍ബന്‍ ബാങ്ക് അധികൃതര്‍. സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 16ന് ബോര്‍ഡ് യോഗം ചേരുമെന്നും അധികൃതര്‍ അറിയിച്ചു.

അതേ സമയം കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് നടന്ന ജപ്തി നടപടി നിയമവിരുദ്ധമാണെന്ന് വീട്ടുടമ അജേഷ് പ്രതികരിച്ചു. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാതെയാണ് ബാങ്ക് അധികൃതര്‍ നടപടികളുമായി മുന്നോട്ട് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും സംഭവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചതിന് ബാങ്കിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വിശദീകരിച്ചത്‌.

Similar News