കേരളത്തോടുള്ള കേന്ദ്ര വിവേചനം വെല്ലുവിളി: കൊടിക്കുന്നില്‍ സുരേഷ് എംപി

Update: 2020-04-04 17:20 GMT

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം എന്നാല്‍ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കിയ ഫെഡറല്‍ സംവിധാനങ്ങളില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീതിയില്ലായ്മയുടെ ഏറ്റവും പുതിയ ഉദാഹരണം ആണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വളരെ പരിമിതമായ വിഭവങ്ങള്‍ ഉള്ളപ്പോള്‍ പോലും ശക്തമായ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , ബഹുജന കക്ഷികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പരിപൂര്‍ണ പങ്കാളിത്തത്തോടെ കൊറോണ വ്യാപന പ്രതിരോധ നടപടികള്‍ മികച്ച രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിന് നേരെ ഇത്തരത്തിലുള്ള ചിറ്റമ്മനയം കാണിക്കുന്നത് ശരിയല്ല.

    ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കൊവിഡ് രോഗിക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ക്കു പുറമേ സംസ്ഥാന സര്‍ക്കാരിന് ചെലവ് വരിക 2 ലക്ഷം രൂപ വരെയാണ്. വാര്‍ഡില്‍ കഴിയുന്ന രോഗിക്ക് ചികില്‍സകള്‍ക്കായി ഒരു ലക്ഷം രൂപ വരെയും ചെലവ് വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 15 മുതല്‍ 20 ലക്ഷം വരെ ചെലവ് വരുന്ന ചികില്‍സകളാണ് സൗജന്യമായി ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നത്. ഇത്തരം ഭീമമായ ചെലവുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതേ അത് മുഴുവനും സ്വാംശീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളാവരുത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




Tags:    

Similar News