കേരളത്തിന് അധിക തുക നൽകാനാവില്ലെന്ന് കേന്ദ്രം; ചർച്ച പരാജയം

Update: 2024-03-08 08:34 GMT

തിരുവനന്തപുരം: സംസ്ഥാനം അധികമായി ചോദിച്ച തുക നല്‍കാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരിന്നു. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ചത് അടക്കം കേന്ദ്ര അവഗണനക്ക് എതിരായി കേരളം നല്‍കിയ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രം സമ്മതിച്ചിരുന്നു. കേരളത്തിന്റെ ഹരജി പിന്‍വലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുന്‍ നിലപാട് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം കഴിഞ്ഞ ദിവസം തിരുത്തി. 15,000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് കേരളം സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ അറുപത് ശതമാനം കേന്ദ്രത്തിന്റേതാണ്. 26000 കോടി രൂപ കടമെടുക്കാന്‍ അടിയന്തര അനുവാദം വേണം. സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നും സുപ്രിം കോടതിയില്‍ സംസ്ഥാനം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്.







Tags:    

Similar News