പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Update: 2020-09-10 13:04 GMT

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ.കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല. അത്തരം സാഹചര്യം കൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ വിവിധ സമയങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യം സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആലോചിക്കണം. സാമൂഹിക അകലം പാലിക്കുന്നതിന് പരീക്ഷാ ഹാളില്‍ ആവശ്യത്തിന് സ്ഥലം വേണം. ഇതനുസരിച്ച് യോജിച്ച രീതിയിലുളള ഇരിപ്പിട ക്രമീകരണം നടത്താന്‍ തയ്യാറാവണം. മുഖാവരണം, ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ്, തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. ഇത് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാധകമാണ്. അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുളള അപേക്ഷകളും ലഭ്യമാക്കണം. പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാവുന്ന വസ്തുക്കളെ സംബന്ധിച്ച് കൃത്യമായ വിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കണം.പരീക്ഷ എഴുതുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റി ഇരുത്താന്‍ പ്രത്യേക മുറികള്‍ സജ്ജമാക്കണം. പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ്, കൈ വൃത്തിയാക്കുന്നതിനുളള സംവിധാനം എന്നിവ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News