ഗോശാലയ്ക്കകത്ത് കൊവിഡ് കെയര്‍ സെന്റര്‍; മരുന്ന് ഗോമൂത്രം, പാല്‍ എന്നിവയില്‍നിന്ന്
5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.
അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോശാലയില്‍ കൊവിഡ് കെയര്‍ സെന്റര്‍. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് കൊവിഡ് ചികിത്സയ്ക്കായി ഗോശാലയില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.
കൊവിഡ് ബാധിച്ചവരെ ഗോശാലയില്‍ സജ്ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയുര്‍വേദ വിധിപ്രകാരമാണ് ചികിത്സ നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേദ ലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കൊവിഡ് ഐസൊലേഷന്‍ സെന്റര്‍ എന്നാണു കേന്ദ്രത്തിന്റെ പേര്.
ഈ മാസം അഞ്ചിനാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഏഴു പേര്‍ ഇവിടെ ചികില്‍സയിലുണ്ട്.പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത്.ഗോമൂത്രത്തില്‍ നിന്നു തയാറാക്കുന്ന 'ഗോതീര്‍ഥ്' എന്ന മരുന്നും കൊടുക്കുന്നുണ്ട്.
ഗ്രാമങ്ങള്‍ക്കു കൊവിഡ് ചികിത്സാ സെന്ററുകള്‍ ആരംഭിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഗോശാല കൊവിഡ് കെയര്‍ സെന്റര്‍ ആക്കിയത്.